ആഴ്ചയിൽ അഞ്ച് പ്രവൃത്തിദിനം ഉൾപ്പെടെയുള്ള ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ഈ മാസം തുടർച്ചയായി അഞ്ചുദിവസം ബാങ്കുകൾ അടച്ചിടുന്ന തരത്തിൽ സമരം ശക്തമാക്കുമെന്ന് ബാങ്ക് ജീവനക്കാരുടെ സംഘടനകളുടെ മുന്നറിയിപ്പ്. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ബാങ്ക് അസോസിയേഷനുകൾ പ്രഖ്യാപിച്ച പണിമുടക്ക് ഇന്ന് പുരോഗമിക്കുകയാണ്.
കഴിഞ്ഞ ദിവസം ഡെപ്യൂട്ടി ചീഫ് ലേബർ കമ്മിഷണറുടെ മധ്യസ്ഥതയിൽ നടന്ന അനുരഞ്ജന യോഗവും പരാജയപ്പെട്ടതോടെയാണ് ജീവനക്കാർ പണിമുടക്കുമായി മുന്നോട്ടുപോയത്. രാജ്യത്തെ ഏഴ് ബാങ്ക് യൂണിയനുകളുടെ സംയുക്ത സംഘടനയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (UFBU) ആണ് സമരത്തിന് നേതൃത്വം നൽകുന്നത്.
ആവശ്യങ്ങളിൽ അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ സെപ്റ്റംബർ 28, 29, 30 തീയതികളിൽ രണ്ടാംഘട്ട പണിമുടക്ക് നടത്തുമെന്ന് സംഘടനകൾ പ്രഖ്യാപിച്ചിട്ടുണ്ട്. തുടർന്ന് ഒക്ടോബർ 26 മുതൽ അനിശ്ചിതകാല പണിമുടക്കിലേക്ക് നീങ്ങാനും തീരുമാനമുണ്ട്.
എല്ലാ ശനിയാഴ്ചകളും ഞായറാഴ്ചകളും ബാങ്ക് അവധിയാക്കുക, വിരമിച്ച ജീവനക്കാരുടെ പെൻഷൻ കാലാനുസൃതമായി പരിഷ്കരിക്കുക, പുതിയ പെൻഷൻ പദ്ധതി പിൻവലിച്ച് പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കുക എന്നിവയാണ് പ്രധാന ആവശ്യങ്ങൾ.
ബാങ്കുകളിലെ ഒഴിവുകൾ നികത്തുക, നിലവിലുള്ള ഒഴിവുകളിൽ സ്ഥിര നിയമനം നടത്തുക, ബാങ്കിംഗ് സേവനങ്ങൾ സുഗമമാക്കാൻ ജീവനക്കാരുടെ എണ്ണം വർധിപ്പിക്കുക എന്നിവയും സംഘടനകൾ ആവശ്യപ്പെടുന്നു.
നിശ്ചിത ജോലി സമയം ഉറപ്പാക്കണമെന്നും അമിതമായ ടാർഗറ്റുകൾ മൂലമുണ്ടാകുന്ന ജീവനക്കാരുടെ മാനസിക സമ്മർദം കുറയ്ക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും ബാങ്ക് യൂണിയനുകൾ ആവശ്യപ്പെട്ടു.