ബില്ലുകൾ തടഞ്ഞുവച്ച സംഭവത്തിൽ തമിഴ്‌നാട് ഗവർണർ ആർ.എൻ. രവിക്കെതിരേ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി. അനിശ്ചിതമായി നിയമസഭ പാസാക്കിയ ബില്ലുകൾ തടഞ്ഞുവച്ച നടപടി നിയമവിരുദ്ധമെന്ന് കോടതി പറഞ്ഞു.ബില്ലുകൾക്ക് അംഗീകാരം നൽകുന്നത് വൈകിച്ച സംഭവത്തിൽ സംസ്ഥാന സർക്കാർ നൽകിയ ഹർജികളിലാണ് സുപ്രീംകോടതിയുടെ വിമർശനം. ഗവർണർ തടഞ്ഞു വച്ച 10 ബില്ലുകളും നിയമമായതായി കോടതി ഉത്തരവിട്ടു.

സംസ്ഥാന സർക്കാരിൻ്റെ ഉപദേശത്തിന് അനുസരിച്ചാണ് ഗവർണർ പ്രവർത്തിക്കേണ്ടതെന്ന് സുപ്രീംകോടതി നിർദേശിച്ചു. പാസാക്കിയ ബില്ലുകളിൽ ഗവർണ ർക്ക് വീറ്റോ അധികാരമില്ല നിയമങ്ങൾ ജനങ്ങളുടെ ആവശ്യത്തിന് കൊണ്ടുവരുന്ന താണെന്നും കോടതി നിരീക്ഷിച്ചു. ഗവർണർക്ക് ബില്ലിൽ തീരുമാനമെടുക്കാൻ മുന്നിൽ 3 സാധ്യതകൾ ഉണ്ട്. ഒന്ന് അനുമതി നൽകുക, രണ്ട് അനുമതി നിഷേധിക്കുക, മൂന്ന് ബില്ല് രാഷ്ട്രപതിക്ക് അയയ്ക്കുക.

ഗവർണർക്ക് ബില്ല് നൽകിയാൽ ആർട്ടിക്കിൾ 200 ലെ ഏതെങ്കിലും ഒരു നടപടി സ്വീകരിക്കാൻ അദ്ദേഹം ബാധ്യസ്ഥനാണെന്ന് കോടതി പറഞ്ഞു. ഒരു ബില്ല് വീണ്ടും നിയമസഭ പാസാക്കി ഗവർണർക്ക് നൽകിയാൽ അത് രാഷ്ട്രപതിക്ക് അയക്കാൻ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു.

ബില്ലുകളിൽ ഗവർണർക്ക് തീരുമാനമെടുക്കാൻ കോടതി സമയപരിധി നിശ്ചയിച്ചു. ബില്ലുകളിൽ പരമാവധി മൂന്ന് മാസത്തിനുള്ളിൽ ഇനി തീരുമാനം എടുക്കണം. ബില്ലുകൾ വീണ്ടും പാസാക്കി നിയമസഭ തിരിച്ച് അയച്ചാൽ പരമാവധി ഒരു മാസത്തിനുള്ളിൽ തീരുമാനമെടുക്കണമെന്നും കോടതി വ്യക്തമാക്കി.

Related Posts