മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ പഴയ കേസുകളിൽ വിജിലൻസ് പുനഃപരിശോധന ശക്തമാക്കി. നേരത്തെ അന്വേഷണം നടത്തി അവസാനിപ്പിച്ച കെഎസ്ടിപിയുമായി ബന്ധപ്പെട്ട കേസുകളാണ് ഇപ്പോൾ വീണ്ടും പരിശോധിക്കുന്നത്.
കോഴിക്കോട് രജിസ്റ്റർ ചെയ്ത കെഎസ്ടിപി കേസുകളിലെ പഴയ രേഖകളും മൊഴികളുമാണ് പ്രധാനമായും പരിശോധിക്കുന്നത്. ഗ്യാനേഷ് കുമാർ പൊതുമരാമത്ത് സെക്രട്ടറിയായിരുന്ന കാലയളവിലെ ആരോപണങ്ങളുമായി ബന്ധപ്പെട്ട കേസുകളാണിത്. നേരത്തെ നടത്തിയ അന്വേഷണത്തിൽ അഴിമതിക്ക് തെളിവില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് കേസുകൾ അവസാനിപ്പിച്ചിരുന്നു.
പതിബെൽ കമ്പനിയുടെ പ്രോജക്ട് മാനേജർ ലീ സീ ബീൻ്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസും പുനഃപരിശോധനയുടെ ഭാഗമാണ്. ഗ്യാനേഷ് കുമാർ പൊതുമരാമത്ത് സെക്രട്ടറിയായിരുന്ന കാലത്ത് നടന്ന സംഭവമാണിത്. കേസുമായി ബന്ധപ്പെട്ട പഴയ മൊഴികളും രേഖകളും വീണ്ടും പരിശോധിക്കാനാണ് വിജിലൻസ് തീരുമാനം.
കോഴിക്കോട്, തിരുവനന്തപുരം എസ്പിമാർക്ക് വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം പരിശോധനാ റിപ്പോർട്ട് നൽകാൻ നിർദേശം നൽകിയിട്ടുണ്ട്. മൂന്ന് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദേശം. ഇതിന് ശേഷമായിരിക്കും പുനരന്വേഷണം ഔദ്യോഗികമായി മുന്നോട്ടുകൊണ്ടുപോകണമോ എന്നതിൽ വിജിലൻസ് തീരുമാനമെടുക്കുക.
മുമ്പ് പരിശോധിച്ച മൊഴികൾ വീണ്ടും രേഖപ്പെടുത്തുന്നതും അന്വേഷണത്തിൻ്റെ ഭാഗമാകും. ഗ്യാനേഷ് കുമാറിനെതിരെ തെളിവില്ലെന്ന് കണ്ടെത്തി നേരത്തെ അവസാനിപ്പിച്ച ഫയലാണ് ഇപ്പോൾ വീണ്ടും പരിശോധിക്കുന്നത്. നിലവിൽ ഇത് പുനഃപരിശോധന ഘട്ടത്തിലാണ്; പുതിയ കേസ് രജിസ്റ്റർ ചെയ്തിട്ടില്ല.