ബാംഗ്ലൂർ നമ്പിശൻ അസോസിയേഷൻ്റെ കുടുംബ സംഗമവും ഓണാഘോഷവും ജാലഹള്ളി ഷെട്ടിഹള്ളിയിലെ ദൃശ്യ ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം അസോസിയേഷൻ്റെ മുതിർന്ന അംഗങ്ങളായ കെ.പി.നാരായണൻ നമ്പിശൻ, വി.എം.വിഷ്ണു നമ്പിശൻ, വി.എം.ഉണ്ണികൃഷ്ണൻ നമ്പിശൻ എന്നിവർ ചേർന്ന് നിർവ്വഹിച്ചു.
അസോസിയേഷൻ പ്രസിഡണ്ട് അരുൺ യു.നമ്പിശൻ സമ്മേളനത്തിൽ സ്വാഗതപ്രസംഗം നടത്തി. സെക്രട്ടറി രാജീവ്.വി.എം. സെക്രട്ടറിയുടെ റിപ്പോർട്ട് അവതരിപ്പിച്ചു. കെ.എൻ.നാരായണൻ നമ്പിസൻ 2025–26 വർഷത്തെ വരവ്-ചെലവ് കണക്കുകൾ അവതരിപ്പിച്ചു. വൈസ് പ്രസിഡണ്ട് ഇന്ദിര നാരായണൻ സമ്മേളനത്തെ അഭിസംബോധന ചെയ്തു. വി.എം.വിഷ്ണു നമ്പിശൻ, വി.എം.ഉണ്ണികൃഷ്ണൻ നമ്പിശൻ, പത്മനാഭൻ, പാർവതി ശ്രീനിവാസൻ എന്നിവരും ചടങ്ങിൽ സംസാരിച്ചു.
ഭാവിയിൽ കൂടുതൽ കുടുംബ സംഗമങ്ങൾ സംഘടിപ്പിക്കേണ്ടതിൻ്റെ ആവശ്യകത അവർ ചൂണ്ടിക്കാട്ടി. നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ താമസിക്കുന്ന കുടുംബങ്ങൾക്ക് പരസ്പരം കണ്ടുമുട്ടാനും സന്തോഷകരമായ നിമിഷങ്ങൾ പങ്കുവെക്കാനും ഇത്തരം കുടുംബ സംഗമങ്ങൾ കൂടുതൽ അവസരങ്ങൾ ഒരുക്കുമെന്ന് അവർ അഭിപ്രായപ്പെട്ടു.
സാംസ്കാരിക പരിപാടികളുടെ ഭാഗമായി അസോസിയേഷൻ്റെ വനിതാ വിഭാഗം അവതരിപ്പിച്ച തിരുവാതിരകളി ശ്രദ്ധേയമായി. കൂടാതെ മഹേഷ് രവിവർമ്മയുടെ കരോക്കെ ഗാനാലാപനം, ബിനിത, പ്രവീണ എന്നിവരുടെയും മറ്റ് അംഗങ്ങളുടെയും നൃത്തപരിപാടികളും അരങ്ങേറി. 10-ാം ക്ലാസിലും 12-ാം ക്ലാസിലും മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള വിദ്യാഭ്യാസ മികവ് പുരസ്കാരങ്ങളും ചടങ്ങിൽ വിതരണം ചെയ്തു.
