ആഗോള വിപണിയിൽ അസംസ്കൃത എണ്ണവില ഉയർന്ന പശ്ചാത്തലത്തിൽ രാജ്യത്ത് വിമാന ഇന്ധനവില വീണ്ടും വർധിപ്പിച്ചു. പൊതുമേഖലാ എണ്ണക്കമ്പനികൾ എവിയേഷൻ ടർബൈൻ ഫ്യൂവലിൻ്റെ (ATF) വില 5.46 ശതമാനമാണ് ഉയർത്തിയത്. ഇതോടെ ലിറ്ററിന് 6.28 രൂപ വർധിച്ച് 121.28 രൂപയായി.

തുടർച്ചയായ രണ്ടാം മാസമാണ് വിമാന ഇന്ധനവില ഉയർത്തുന്നത്. ഇന്ധനവില വർധനവ് തുടരുകയാണെങ്കിൽ വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്കും ഉയർത്താൻ സാധ്യതയുണ്ട്. യാത്രക്കാരുടെ ആവശ്യം, സീറ്റുകളുടെ ലഭ്യത, വിവിധ വിമാനക്കമ്പനികൾ തമ്മിലുള്ള മത്സരം തുടങ്ങിയ ഘടകങ്ങൾ പരിഗണിച്ചായിരിക്കും നിരക്ക് വർധന നടപ്പാക്കുക. തിരക്കേറിയ പ്രധാന റൂട്ടുകളിലാകും ടിക്കറ്റ് നിരക്ക് ഉയരാൻ കൂടുതൽ സാധ്യത.

പശ്ചിമേഷ്യയിലെ സംഘർഷത്തെ തുടർന്ന് ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില ഉയർന്നതാണ് വിമാന ഇന്ധനവില വർധിപ്പിക്കാനുള്ള പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത്. ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 90 ഡോളറിനടുത്തെത്തിയതോടെ ഇന്ധന സംസ്കരണ ചെലവിലും വർധനയുണ്ടായതായി എണ്ണക്കമ്പനികൾ പറയുന്നു.

വിമാനക്കമ്പനികളുടെ ആകെ പ്രവർത്തനച്ചെലവിൻ്റെ ഏകദേശം 35 മുതൽ 40 ശതമാനം വരെ ഇന്ധനച്ചെലവാണ്. അതിനാൽ ATF വിലയിലുണ്ടാകുന്ന വർധനവ് വിമാനക്കമ്പനികളുടെ പ്രവർത്തനച്ചെലവിനെ നേരിട്ട് ബാധിക്കും. ഈ അധിക ചെലവ് യാത്രക്കാരിലേക്ക് കൈമാറുന്നതോടെ വിമാന ടിക്കറ്റ് നിരക്കിലും വർധനയുണ്ടാകുമെന്നാണ് വിലയിരുത്തൽ.

Related Posts