ഇന്ത്യക്കെതിരായ ആദ്യ ഏകദിനത്തില്‍ ഓസ്‌ട്രേലിയക്ക് ഏഴ് വിക്കറ്റ് ജയം. ഇടയ്ക്കിടെ കളി മഴ തുടര്‍ന്ന് 26 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 136 റണ്‍സാണ് നേടിയത്. കെ എല്‍ രാഹുല്‍ (31 പന്തില്‍ 38), അക്‌സര്‍ പട്ടേല്‍ (38 പന്തില്‍ 31) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് ഇന്ത്യയെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. ഇടയ്ക്കിടെ മഴയെത്തിയതിനെ തുടര്‍ന്ന് ഓസീസിൻ്റെ വിജയലക്ഷ്യം ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം 26 ഓവറില്‍ 131 റണ്‍സാക്കി ചുരുക്കി. ഓസീസ് 21.1 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.

ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷിൻ്റെ (52 പന്തില്‍ പുറത്താവാതെ 46) ഇന്നിംഗ്‌സാണ് ഓസീസിനെ വിജയത്തിലേക്ക് നയിച്ചത്. ജോഷ് ഫിലിപ്പെ (37) നിര്‍ണായക പ്രകടനം പുറത്തെടുത്തു. മാറ്റ് റെന്‍ഷോ (24 പന്തില്‍ 21) പുറത്താവാതെ നിന്നു. മോശം തുടക്കമായിരുന്നു ഓസീസിന്. രണ്ടാം ഓവറില്‍ തന്നെ ട്രാവിസ് ഹെഡിൻ്റെ (8) വിക്കറ്റ് ഓസീസിന് നഷ്ടമായി. അര്‍ഷ്ദീപിൻ്റെ പന്തില്‍ ഹര്‍ഷിത് റാണയ്ക്ക് ക്യാച്ച് നല്‍കിയാണ് ഹെഡ് മടങ്ങിയത്. തുടര്‍ന്നെത്തിയ മാത്യൂ ഷോര്‍ട്ടിനും (8) അധികം ആയുസുണ്ടായിരുന്നില്ല. എട്ട് റണ്‍സെടുത്ത താരത്തെ അക്‌സര്‍, രോഹിത് ശര്‍മയുടെ കൈകളിലേക്ക് പറഞ്ഞയച്ചു. പിന്നീട് മാര്‍ഷ് – ഫിലിപ്പെ സഖ്യം 55 റണ്‍സെടുത്തു. ഈ കൂട്ടുകെട്ടാണ് വിജയത്തില്‍ വഴിത്തിരിവായത്. ഫിലിപ്പെ മടങ്ങിയെങ്കില്‍ മാറ്റ് റെന്‍ഷോയെ കൂട്ടുപിടിച്ച് മാര്‍ഷ് ഓസീസിനെ വിജയത്തിലേക്ക് നയിച്ചു..

Related Posts