ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്ക് എതിരെ ആക്രമണം. ഔദ്യോഗിക വസതിയിൽ ഇന്നു രാവിലെ നടന്ന ജനസമ്പർക്ക പരിപാടിക്കിടെ ഒരാൾ കരണത്തടിക്കുകയും തലമുടി പിടിച്ചുവലിക്കുകയുമായിരുന്നു. സംഭവത്തിൽ 30കാരൻ പിടിയിലായി. യുവാവിനെ ചോദ്യം ചെയ്തുവരികയാണെന്നും ആക്രമണത്തിൻ്റെ കാരണം വ്യക്തമല്ലെന്നും പൊലീസ് അറിയിച്ചു. ആക്രമണത്തിന് പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥർ ചേർന്ന് ഇയാളെ പിടികൂടുകയായിരുന്നു. രേഖ ഗുപ്തയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ജനങ്ങളുടെ പരാതികൾ കേൾക്കാൻ എല്ലാ ആഴ്ചയും ‘ജൻസുൻവായ്’ എന്ന പേരിൽ മുഖ്യമന്ത്രി വസതിയിൽ ജനസമ്പർക്ക പരിപാടി സംഘടിപ്പിക്കാറുണ്ട്. മുഖ്യമന്ത്രിയുടെ അരികിലെത്തിയ യുവാവ് ആക്രമണം നടത്തുകയായിരുന്നുവെന്നാണ് വിവരം. അക്രമി മുഖ്യമന്ത്രിക്കുനേരെ കല്ലെറിഞ്ഞതായും വിവരമുണ്ട്.