അഹമ്മദാബാദ് അപകടത്തിനുശേഷം ആദ്യമായി അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലേക്ക് പുറപ്പെടാനൊരുങ്ങിയ എയര്‍ ഇന്ത്യയുടെ വിമാനത്തിന് സാങ്കേതിക തകരാര്‍. തുടര്‍ന്ന് വിമാനം ടേക്ക് ഓഫ് ചെയ്തില്ല. എഐ 159 ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.10-നാണ് പറന്നുയരേണ്ടിയിരുന്നത്. ടിക്കറ്റ് തുക യാത്രക്കാര്‍ക്ക് റീഫണ്ട് ചെയ്തു നല്‍കുമെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ പറഞ്ഞു.
രാജ്യത്തെ നടുക്കിയ വിമാനദുരന്തമുണ്ടായത് ജൂണ്‍ 12-ാം തീയതിയായിരുന്നു. എഐ 171 വിമാനമാണ് പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കകം തകര്‍ന്നുവീണത്. വിമാനത്തിലുണ്ടായിരുന്ന 242 പേരില്‍ ഒരാള്‍ മാത്രമേ രക്ഷപ്പെട്ടിരുന്നുള്ളൂ. കൂടാതെ വിമാനം തകര്‍ന്നുവീണ സ്ഥലത്തുണ്ടായിരുന്ന 33 പേര്‍ക്കും ജീവന് നഷ്ടമായിരുന്നു.
എയര്‍ ഇന്ത്യ അപകടത്തിന് പിന്നാലെ 171 എന്ന ഫ്ളൈറ്റ് നമ്പര്‍ ഒഴിവാക്കുകയും അതിന് പകരം എഐ 159 എന്ന നമ്പര്‍ നല്‍കുകയും ചെയ്തിരുന്നു. അഹമ്മദാബാദിൽ നിന്ന് അപകടത്തിനുശേഷം ലണ്ടനിലേയ്ക്ക് എയർ ഇന്ത്യയുടെ സർവീസ് ഉണ്ടായിരുന്നില്ല.