ജൂവലറി ഉടമയിൽ നിന്ന് 2.51 കോടി രൂപ ജപ്തി നടപടി ഒഴിവാക്കിക്കൊടുക്കാമെന്നു പറഞ്ഞ് തട്ടിയെടുത്തെന്ന കേസിലെ പ്രതിയായ പോലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. കോഴിക്കോട് നോർത്ത് ട്രാഫിക് അസി. പോലീസ് കമ്മിഷണർ തൃശ്ശൂർ പേരിൽച്ചേരി കൊപ്പുള്ളി ഹൗസിൽ കെ.എ. സുരേഷ്ബാബുവിനെയാണ് സസ്പെൻഡ് ചെയ്തത്. കൊല്ലം സിറ്റി പോലീസ് കമ്മിഷണർ കിരൺ നാരായണൻ നൽകിയ റിപ്പോർട്ടിനെത്തുടർന്നാണ് നടപടി.
കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ ശക്തികുളങ്ങര ജയശങ്കറിൽ ബാലചന്ദ്രക്കുറുപ്പ്, സുരേഷ്ബാബുവിന്റെ ഭാര്യ തൃശ്ശൂർ ചെറുവത്തേരി ശിവാജി നഗർ, കൊപ്പുള്ളി ഹൗസിൽ വി.പി. നുസ്രത്ത് (മാനസ) എന്നിവർ രണ്ടും മൂന്നും പ്രതികളാണ്. കഴിഞ്ഞ ഫെബ്രുവരി 15-ന് കൊല്ലം ഈസ്റ്റ് പോലീസാണ് കേസെടുത്തത്. കൊല്ലത്തെ എഐ ഇഷ ഗോൾഡ് ഇന്ത്യ കമ്പനി ഉടമ അബ്ദുൾ സലാം നൽകിയ പരാതിയെത്തുടർന്നുള്ള അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തുവന്നത്.
സംഭവം 2023-ലാണ്. ബിസിനസ് ആവശ്യത്തിലേക്കായി അബ്ദുൾ സലാം കൊല്ലത്തും പാരിപ്പള്ളിയിലുമുള്ള ബാങ്കിൽ നിന്ന് 49.25 കോടി രൂപ ഓവർ ഡ്രാഫ്റ്റ് ലോണായി എടുത്തിരുന്നു. കോവിഡ്കാലത്ത് തുക തിരിച്ചടയ്ക്കാൻ പറ്റാതായി. എറണാകുളത്തെ കടം തിരിച്ചുപിടിക്കൽ ട്രിബ്യൂണലിനെ ബാങ്ക് സമീപിച്ചു. പ്രശ്നങ്ങൾ ജപ്തി നടപടികളിലേക്കു നീങ്ങുന്ന സാഹചര്യത്തിൽ സുഹൃത്തും മൂന്നാംപ്രതിയുമായ ഡോ. ബാലചന്ദ്രക്കുറുപ്പിനോട് പറഞ്ഞു.
സുരേഷ്ബാബുവിനെ അദ്ദേഹമാണ് പരിചയപ്പെടുത്തിയത്. ഇവർ 52 കോടി രൂപയുടെ ബാധ്യത 25 കോടിയാക്കി കുറച്ചു കൊടുക്കാമെന്ന് വാഗ്ദാനം ചെയ്തു. ബാങ്കിൽ മുൻകൂർ അടയ്ക്കാനാണെന്നു പറഞ്ഞ് 2.51 കോടി രൂപ വാങ്ങി വിശ്വാസവഞ്ചന കാട്ടിയെന്നാണ് പരാതി. രണ്ടാംപ്രതിയുടെ അക്കൗണ്ടിലേക്കാണ് പണം അയച്ചുകൊടുത്തത്. കേസ് പരിഹരിക്കാതെവന്നതോടെ പണം തിരികെ ആവശ്യപ്പെട്ടപ്പോൾ വധിക്കുമെന്നും കള്ളക്കേസിൽ കുടുക്കുമെന്നും ഭീഷണിപ്പെടുത്തിയെന്ന് പരാതിയിൽ പറയുന്നു.