മലയാള സിനിമയ്ക്ക് ഒട്ടേറെ വമ്പൻ ഹിറ്റുകളും കളക്ഷൻ റെക്കോഡുകളും ഒക്കെ നൽകിയാണ് കഴിഞ്ഞ വർഷം കടന്നുപോയത്. 2024 ൽ മലയാളത്തിൻ്റെ യഥാർത്ഥ ബോക്‌സ് ഓഫീസ് സാധ്യതകൾ എന്താന്ന് സിനിമാലോകം തിരിച്ചറിഞ്ഞിരുന്നു. മഞ്ഞുമ്മൽ ബോയ്‌സ് , ആവേശം, ആടുജീവിതവും, മാർക്കോ തുടങ്ങിയ ചിത്രങ്ങൾ സ്വന്തം ഇൻഡസ്ട്രിയിൽ മാത്രമല്ല അന്യഭാഷകളിലും തേരോട്ടം നടത്താൻ മലയാളത്തിന് കഴിഞ്ഞു. പുതുവർഷം ഏതാണ്ട് അതുപോലെയൊരു തുടക്കമാണ് നൽകിയിരിക്കുന്നത്, അതിൽ നന്ദി പറയേണ്ടത് ആസിഫലിയോടാണ്. കഴിഞ്ഞ വർഷം ശരിക്കും ആസിഫിൻ്റെ കരിയറിലെ ഏറ്റവും മികച്ച വർഷമായിരുന്നു എന്ന് നിസംശയം പറയാം. കിഷ്‌കിന്ധകാണ്ഡം പോലെയൊരു ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെട്ട ത്രില്ലർ മുതൽ പ്രേക്ഷക പ്രശംസ നേടിയ ഒരുപിടി ചിത്രങ്ങളുമായി ആസിഫ് നിറഞ്ഞു നിൽക്കുന്നു. ആദ്യ റിലീസായ രേഖാചിത്രം തന്നെ ഹിറ്റ് ചാർട്ടിൽ ഇടം പിടിച്ചതോടെ ആസിഫിൻ്റെ തലവരയും തെളിയുകയാണ്.

മികച്ച അഭിപ്രായം നേടിയ ചിത്രം തിയ്യേറ്ററിൽ ആളുകളെ നിറയ്ക്കുകയാണ്. മൗത്ത് പബ്ലിസിറ്റിയും മികച്ച റിവ്യൂയും കൂടി തുണയായതോടെ ചിത്രം മുൻ നിരയിലെത്തി. ഇപ്പോഴിതാ മലയാളത്തിലെ 50 കോടി ക്ലബിൽ ഇടം നേടിയിരിക്കുകയാണ് രേഖാചിത്രം. ഒരു അഭിനേതാവ് എന്ന നിലയിൽ ആസിഫലിക്ക് അഭിമാനിക്കാൻ ഏറെയുള്ള നേട്ടം കൂടിയാണിത്. ഈ വർഷത്തെ ആദ്യ 50 കോടി ചിത്രം എന്ന നേട്ടമാണ് രേഖാചിത്രത്തിനുള്ളത്. ടൊവിനോ നായകനായ ഐഡൻ്ററ്റിയും തിയേറ്ററിൽ ഭേദപ്പെട്ട പ്രകടനം കാഴ്‌ച വച്ചെങ്കിലും 50 കോടി ക്ലബിൽ കയറിയിരുന്നില്ല. ആസിഫലിക്കൊപ്പം വൻ താരനിര തന്നെ അണിനിരന്ന ചിത്രമാണ് ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്‌ത രേഖാചിത്രം. അനശ്വര രാജനാണ് നായികയായി അഭിനയിച്ചത്. ഇവർക്ക് പുറമേ മനോജ് കെ ജയൻ, ജഗദീഷ്, ഇന്ദ്രൻസ്, സിദ്ദിഖ്, സായ് കുമാർ, ഹരിശ്രീ അശോകൻ, മേഘ തോമസ് ഭാമ അരുൺ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കൾ.

Related Posts