ഏഷ്യൻ പാരാ ഗെയിംസിൽ മെഡൽ നേട്ടത്തിൽ പുതിയ ചരിത്രം കുറിച്ച് ഇന്ത്യ. 30 സ്വർണവും 35 വെള്ളിയും 49 വെങ്കലവും ഉൾപ്പെടെ 114 മെഡലുകളാണ് ഇന്ത്യൻ സംഘം സ്വന്തമാക്കിയത്. 2022ലെ ഗെയിംസിൽ നേടിയ 111 മെഡലുകളെന്ന റെക്കോർഡാണ് ഇന്ത്യ മറികടന്നത്. അന്ന് 29 സ്വർണവും 31 വെള്ളിയും 51 വെങ്കലവുമായിരുന്നു ഇന്ത്യയുടെ സമ്പാദ്യം.

മെഡൽ പട്ടികയിൽ 204 സ്വർണമടക്കം 427 മെഡലുകളുമായി ചൈന ഒന്നാം സ്ഥാനത്ത് തുടരുമ്പോൾ ഇന്ത്യ നാലാം സ്ഥാനത്താണ്.

പുരുഷന്മാരുടെ 400 മീറ്റർ ടി44 വിഭാഗത്തിൽ സന്ദീപ് കുമാറും ജാവലിൻ ത്രോ എഫ്37/38 വിഭാഗത്തിൽ ഹാനിയും ലോക റെക്കോർഡോടെ സ്വർണം നേടി. 52.28 സെക്കൻഡിലാണ് സന്ദീപ് ഓട്ടം പൂർത്തിയാക്കിയത്. ഇതേ ഇനത്തിൽ ഇന്ത്യയുടെ അജയ് കുമാർ വെങ്കലം സ്വന്തമാക്കി. ജാവലിൻ ത്രോയിൽ 60.49 മീറ്റർ എറിഞ്ഞാണ് ഹാനി റെക്കോർഡ് നേട്ടത്തോടെ ഒന്നാമതെത്തിയത്.

ജാവലിൻ ത്രോ എഫ്44 വിഭാഗത്തിൽ സുമിത് ആന്റിൽ 72.46 മീറ്റർ എറിഞ്ഞ് സ്വർണം നേടി. വനിതകളുടെ 50 മീറ്റർ റൈഫിൾ ത്രീ പൊസിഷൻസ് എസ്‌എച്ച്1 വിഭാഗത്തിൽ മോണയും റെക്കോർഡ് പ്രകടനത്തോടെ സ്വർണം സ്വന്തമാക്കി. 357.5 പോയിന്റാണ് താരം നേടിയത്.

വനിതാ ഡബിൾസ് എസ്‌എൽ3–എസ്‌ വിഭാഗത്തിൽ തുളസിമതി മുരുഗേശൻ–മാനസി ജോഷി സഖ്യവും സ്വർണം നേടി. വിവിധ ഇനങ്ങളിലെ മികച്ച പ്രകടനങ്ങളിലൂടെ ഇന്ത്യ മെഡൽ പട്ടികയിൽ ചരിത്രനേട്ടം കുറിച്ചു.

Related Posts