ഏഷ്യൻ ഗെയിംസിൽ 17 മെഡലുകളുമായി 15-ാം സ്ഥാനത്തുള്ള ഇന്ത്യ ഒരു മെഡൽ കൂടി ഉറപ്പിച്ചു. ടേബിൾ ടെന്നീസ് മിക്‌സഡ് ഡബിൾസിൽ ദിയ ചിതലേ–മനുഷ് ഷാ സഖ്യം സെമിഫൈനലിൽ പ്രവേശിച്ചതോടെയാണ് ഇന്ത്യക്ക് മെഡൽ ഉറപ്പായത്. ഹോങ്കോങ് സഖ്യത്തെ തോൽപ്പിച്ചാണ് ഇന്ത്യൻ താരങ്ങൾ അവസാന നാലിലെത്തിയത്. അതേസമയം, മറ്റൊരു ഇന്ത്യൻ സഖ്യമായ ഹർമീത് ദേസായി–യശ്വസിനി ഘോർപഡെ ക്വാർട്ടർ ഫൈനലിൽ ചൈനീസ് സഖ്യത്തോട് പരാജയപ്പെട്ടു.

നിലവിൽ ഒരു സ്വർണം, ഏഴ് വെള്ളി, ഒൻപത് വെങ്കലം ഉൾപ്പെടെ 17 മെഡലുകളാണ് ഇന്ത്യയുടെ അക്കൗണ്ടിലുള്ളത്. സെപ്റ്റംബർ 25ലെ മത്സരങ്ങളിൽ ഷൂട്ടിങ്, അത്‌ലറ്റിക്‌സ്, കബഡി തുടങ്ങിയ ഇനങ്ങളിലാണ് ഇന്ത്യയുടെ പ്രധാന മെഡൽ പ്രതീക്ഷ.

ഷോട്ട് പുട്ട്, പോൾവാൾട്ട്, 10,000 മീറ്റർ ഓട്ടം, ഹാമർ ത്രോ തുടങ്ങിയ അത്‌ലറ്റിക്‌സ് ഇനങ്ങളിലും ഇന്ന് മെഡൽ പോരാട്ടങ്ങളുണ്ട്. പുരുഷ-വനിതാ കബഡി ടീമുകളും സെമിഫൈനലിൽ ഇറങ്ങും.

Related Posts