ഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ മറുനാടൻ മലയാളി അസോസിയേഷൻസ് (ഫെയ്മ) യുടെ മുപ്പതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി അരങ്ങേറിയ അന്തിത്തോറ്റം നാടകം ബെംഗളൂരുവിലെ നാടകാസ്വാദകർക്ക് മറക്കാനാവാത്തൊരു അനുഭവമായി.
സിംഗപ്പൂർ കൈരളീ കലാനിലയത്തിൻ്റെ അവതരണമായ ഈ നാടകം, രണ്ടാം ലോക മഹായുദ്ധത്തിൻ്റെ പശ്ചാത്തലത്തിൽ ഫ്രഞ്ച് റെസിസ്റ്റൻസ് പ്രസ്ഥാനത്തോടൊപ്പമൊന്നിച്ചുള്ള പോരാട്ടത്തിൽ പങ്കെടുത്ത മലയാളി വീരൻ മുച്ചിലോട്ട് മാധവൻ്റെ കഥയാണ് വേദിയിലേയ്ക്ക് കൊണ്ടുവന്നത്.
ശ്രീകാന്തിൻ്റെ സംവിധാനത്തിലും അഭിനയത്തിലും അനശ്വരമാക്കിയ മാധവൻ്റെ കഥാപാത്രം, ഫ്രഞ്ച് കോൺസൺട്രേഷൻ ക്യാമ്പിലെ ഭീകര യാഥാർത്ഥ്യങ്ങൾ മാത്രമല്ല, ഫ്രഞ്ച് കോളനിയായ മാഹിയിൽ നിന്നുള്ള മലയാളികളുടെ ജീവിതവും സമർപ്പണവും ഫ്രഞ്ച് ഗവണ്മെന്റ് അവരെ ഫ്രാൻസിൻ്റെ പൗരന്മാരായി കണ്ടതും, അവർ സ്വയം ഫ്രാൻസിൻ്റെ മക്കളാണെന്ന ബോധ്യത്തോടെ രാജ്യത്തിനു വേണ്ടി ജീവൻ പോലും അർപ്പിക്കാൻ തയ്യാറായിരുന്ന മനോഭാവവുമാണ് നാടകം അനാവരണം ചെയ്തത്.
കേരളത്തിൻ്റെ ഫോക് ലോർ ആർട്ട് ആയ തെയ്യം നാടകത്തിൽ എത്തിച്ചത് അവിസ്മരണീയ അനുഭവമായി മാറി. സിംഗപ്പൂർ മലയാളിയായ കീർത്തിവാസ് പട്ടേരിയാണ് ശാസ്ത്തപ്പൻ തെയ്യത്തിനെ അവിസ്മരണീയമാക്കിയത്.
വേദിയിലും അണിയറയിലും അണിനിരക്കുന്നവർ എല്ലാവരും സിംഗപ്പൂരിലെ സ്ഥിര താമസക്കാരായ മലയാളി കലാകാരന്മാരും കലാകാരികളുമാണ് എന്ന പ്രത്യേകതയും അന്തിത്തോറ്റത്തിന് സ്വന്തം. സിംഗപ്പൂർ കലാകാരന്മാരോടൊപ്പം ഫ്രഞ്ച് ആക്ടർ ജാക്സ് ബിയത് ഉം വേദിയെ വേറിട്ട തലത്തിലെത്തിച്ചു. മലയാളം മുഖ്യ ഭാഷയായും ഒപ്പം ഫ്രഞ്ച്, ജർമ്മൻ ഭാഷകളുടെ സന്നിവേശവും ഒത്തുചേർന്ന അന്തിത്തോറ്റത്തിൻ്റെ രചന നടത്തിയിരിക്കുന്നത് ബാംഗ്ലൂർ നിവാസിയായ അനിൽ രോഹിത്ത് ആണ്.