കർണാടകയിൽ മുഖ്യമന്ത്രി കസേരയ്ക്കായി വീണ്ടും തർക്കം തുടങ്ങിയെന്നു സൂചന. നേതൃമാറ്റത്തെക്കുറിച്ചുള്ള പുതിയ അഭ്യൂഹങ്ങളും വാക്കുതർക്കവും തുടരുന്നതിനിടെ, കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ കോൺഗ്രസ് നേതൃത്വവുമായുള്ള കൂടിക്കാഴ്ചയ്ക്കായി ഡൽഹിക്ക് പോയി.
മുഖ്യമന്ത്രി സിദ്ധരാമയ്യ വിളിച്ച പ്രീ-ബജറ്റ് യോഗത്തിന് നിൽക്കാതെയാണ് ശിവകുമാർ ഡൽഹിക്ക് പോയത്. ജലവിതരണ വകുപ്പിന്റെയും, ബംഗുളൂരു അർബൻ ഡെവലപ്മെന്റ് വകുപ്പിന്റെയും യോഗമാണ് സിദ്ധരാമയ്യ വിളിച്ചത്. ശിവകുമാറിൻ്റെ വകുപ്പാണ് ജലവിതരണ വകുപ്പ്. വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രി യോഗത്തിൽ പങ്കെടുക്കേണ്ടതായിരുന്നു. വകുപ്പുകളുടെ പ്രവർത്തനം നല്ല രീതിയിലാണ് പോകുന്നതെന്നും തന്റെ സാന്നിധ്യം യോഗത്തിൽ ആവശ്യമില്ല എന്നുമാണ് ശിവകുമാറിന്റെ വിശദീകരണം. കോൺഗ്രസ് നേതാക്കളെയും എംപിമാരെയുമെല്ലാം കാണേണ്ടത് തന്റെ കടമയാണെന്നും താൻ കെപിസിസി പ്രസിഡന്റും ഉപമുഖ്യമന്ത്രിയുമാണെന്നും ശിവകുമാർ പറഞ്ഞു.