ആലപ്പുഴ ചെന്നിത്തലയിലെ അച്ചൻകോവിൽ ആറ്റിൽ കുറുകെ നിർമ്മിക്കുന്ന കീച്ചേരിക്കടവ് പാലത്തിൻ്റെ സ്പാൻ ഇളകി ആറ്റിൽ പതിച്ച് 2 തൊഴിലാളികൾ മുങ്ങിമരിച്ചു. തൃക്കുന്നപ്പുഴ കിഴക്കേക്കര വടക്കുമുറി മണികണ്ഠൻചിറ ബിനുഭവനത്തിൽ ഗോപി-അംബുജാക്ഷി ദമ്പതികളുടെ മകൻ ബിനു (42), മാവേലിക്കര കല്ലുമല അക്ഷയ് ഭവനിൽ കാർത്തികേയൻ -ഗീത ദമ്പതികളുടെ മകൻ രാഘവ് കാർത്തിക് (കിച്ചു, 24) എന്നിവരാണ് മരിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് ആയിരുന്നു അപകടം. ആ സമയം ഏഴ് തൊഴിലാളികളായിരുന്നു ഉണ്ടായിരുന്നത്. ആറ്റിൽ ഇവരിൽ ചിലരും വീണെങ്കിലും നീന്തി രക്ഷപ്പെട്ടു. ബിനു മുങ്ങിമരിച്ചത് രാഘവിനെ രക്ഷപ്പെടുത്താൻ ശ്രമിക്കവേയാണ്. സ്കൂബാ ടീമും ഫയർഫോഴ്സും നടത്തിയ തെരച്ചിലിൽ വൈകിട്ടോടെയാണ് ഇരുവരുടേയും മൃതദേഹം കണ്ടെത്തിയത്.
3 വർഷമായി നിർമ്മാണം തുടങ്ങിയിട്ട് ചെന്നിത്തല ചെട്ടികുളങ്ങര പഞ്ചായത്തുകളെ ബന്ധിപ്പിച്ച് നിർമ്മിക്കുന്ന പാലമാണിത്. പാലത്തിൻ്റെ നടുവിലുള്ള ബീമുകളിൽ ഒന്നിൻ്റെ അവസാന കോൺക്രീറ്റ് നടക്കുന്നതിനിടയിലാണ് സ്പാൻ ഇളകിവീണത്. ആതിരയാണ് രാഘവിൻ്റെ ഭാര്യ. ഓച്ചിറയിലാണ് രാഘവ് ഇപ്പോൾ താമസം. രാഘവിനൊപ്പം സഹോദരൻ അക്ഷയും ജോലിക്ക് ഉണ്ടായിരുന്നെങ്കിലും രക്ഷപ്പെട്ടു.