സർക്കാർ വകുപ്പുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും നടത്തുന്ന പരീക്ഷകളിലെ ചോദ്യക്കടലാസുകളുടെ സുരക്ഷയും രഹസ്യസ്വഭാവവും ഉറപ്പാക്കാൻ നിർമിതബുദ്ധി (എഐ) സാങ്കേതികവിദ്യ ഉപയോഗിക്കണമെന്ന് കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ നിർദേശിച്ചു. വിധാൻ സൗധയിൽ എഐ കമ്പനിയായ ആന്ത്രോപിക്കിൻ്റെ പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് സംസ്ഥാനത്ത് എഐയുടെ സാധ്യതകൾ വിപുലമായി ഉപയോഗിക്കുന്നതിനെക്കുറിച്ച് ചർച്ച നടന്നത്. സർക്കാർ സംവിധാനങ്ങളിലെ തട്ടിപ്പുകളും ക്രമക്കേടുകളും തടയുന്നതിനായി ആന്ത്രോപിക്കിൽനിന്ന് സാങ്കേതിക സഹായം തേടാനും യോഗത്തിൽ തീരുമാനമായി.
ഭരണം, ഉന്നത വിദ്യാഭ്യാസം, ആരോഗ്യ മേഖല, ഗവേഷണം, സ്റ്റാർട്ടപ്പ് മേഖല എന്നിവയിൽ എഐയുടെ ഉപയോഗം വ്യാപിപ്പിക്കുന്നതിനുള്ള ദീർഘകാല സഹകരണ സാധ്യതകളും യോഗം പരിശോധിച്ചു. വിശ്വേശ്വരയ്യ ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി (VTU) ഉൾപ്പെടെയുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ആന്ത്രോപിക്കിൻ്റെ Claude AI പ്ലാറ്റ്ഫോം ലഭ്യമാക്കുന്നതിനെക്കുറിച്ചും ചർച്ച നടന്നു.
സംസ്ഥാനത്ത് സമഗ്രമായ എഐ ആവാസവ്യവസ്ഥ രൂപപ്പെടുത്തുകയാണ് സർക്കാരിൻ്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. നിർദ്ദിഷ്ട എഐ സർവകലാശാല, വിപുലമായ നൈപുണ്യ വികസന പദ്ധതികൾ, ഡീപ്-ടെക് മേഖലയിലെ നവീകരണത്തിന് പിന്തുണ എന്നിവ ഇതിൻ്റെ ഭാഗമാണ്.
ആഭ്യന്തരമന്ത്രി പ്രിയങ്ക് ഖാർഗെ, ആന്ത്രോപിക് പ്രതിനിധികളായ മൈക്കൽ സെല്ലിറ്റോ, ക്രിസ് സിയോഫി, ഐറിന ഘോസ്, അംലാൻ മൊഹന്തി, സമർത്ത് മാസൺ, മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് എൽ.കെ. അതീഖ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.