നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ (69) അന്തരിച്ചു. തൃപ്പുണിത്തുറയിലെ സ്വകാര്യ ആശുപത്രിയിൽ രാവിലെയായിരുന്നു അന്ത്യം.
1956 ഏപ്രിൽ നാലിന് കൂത്തുപറമ്പ് പാട്യത്ത് ജനിച്ച അദ്ദേഹം മലയാള സിനിമയുടെ നർമ്മത്തിനു പുതിയ ഭാവം നൽകിയ ആളായിരുന്നു. 1977ൽ പി എ ബക്കര് സംവിധാനം ചെയ്ത മണിമുഴക്കത്തിലൂടെയാണ് ശ്രീനിവാസൻ സിനിമയിലേയ്ക്ക് വരുന്നത്. 1984ൽ ഓടരുത് അമ്മാവാ അളറിയാം എന്ന സിനിമയുടെ തിക്കഥാകൃത്തെന്ന നിലയിൽ മലയാള സിനിയിൽ ശ്രീനിവാസൻ അരങ്ങേറി. 48 വർഷക്കാലം നീണ്ടുനിന്ന സിനിമാ ജീവിതത്തിൽ 200ലേറെ സിനിമകളിൽ ശ്രീനിവാസൻ അഭിനയിച്ചു.
സ്വന്തം സിനിമകളിലുടെ സാധാരണക്കാരന്റെ പ്രശ്നങ്ങൾ നർമത്തിന്റെ സഹായത്തോടെ വെള്ളിത്തിരയിലെത്തിച്ചു. സാമൂഹിക വിഷയങ്ങളെ നർമ്മരസം ചേർത്ത് ശ്രീനിവാസൻ തിരക്കഥകളൊരുക്കിയപ്പോൾ ആക്ഷേപഹാസ്യത്തിൻ്റെയും ഹാസ്യത്തിൻ്റെയും നവ്യാനുഭവങ്ങൾ കൂടിയാണ് സ്വന്തമായത്.
മലയാളസിനിമയിൽ നാഴിക്കക്കല്ലുകളായ ഒരു പിടി ചിത്രങ്ങൾ എഴുതിയ അദ്ദേഹം നടനെന്ന നിലയിലും പ്രേക്ഷകർക്കിടയിൽ പ്രിയങ്കരനായി. സന്മസുള്ളവർക്ക് സമാധാനം, ടി പി ബാലഗോപാലൻ എം എ, ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റ്, വരവേൽപ്, സന്ദേശം, നാടോടിക്കാറ്റ്, തലയണമന്ത്രം, ഗോളാന്തരവാർത്ത, ചമ്പക്കുളം തച്ചൻ, ഉദയനാണ് താരം. മഴയെത്തും മുമ്പേ, അഴകിയ രാവണൻ, ഒരു മറവത്തൂർ കനവ്, അയാൾ കഥയെഴുതുകയാണ്. കഥ പറയുമ്പോൾ തുടങ്ങിയ നിരവധി ഹിറ്റ് ചിത്രങ്ങൾക്ക് തിരകഥ ഒരുക്കി. 1991ൽ പുറത്തിറങ്ങിയ ആക്ഷേപഹാസ്യചിത്രമായ സന്ദേശം കേരളത്തിൻ്റെ രാഷ്ട്രീയസാമൂഹ്യമണ്ഡലങ്ങളിൽ ഇന്നും ചർച്ച ചെയ്യപ്പെടുന്നു. 5 തവണ സംസ്ഥാന ചലച്ചിത്ര അവാർഡ് നേടി. ശ്രീനിവാസൻ എഴുതി സംവിധാനം ചെയ്‌ത വടക്കുനോക്കിയന്ത്രം, ചിന്താവിഷ്‌ടയായ ശ്യാമള എന്നീ ചിത്രങ്ങൾ സംസ്‌ഥാന, ദേശീയ പുരസ്‌കാരങ്ങൾ നേടി. വിമലയാണ് ഭാര്യ. സംവിധായകനും നടനും ഗായകനുമായ വിനീത് ശ്രീനിവാസൻ, നടൻ ധ്യാൻ ശ്രീനിവാസൻ എന്നിവർ മക്കളാണ്.