നടൻ ദേവൻ ബിജെപി അംഗത്വവും സംസ്ഥാന വൈസ് പ്രസിഡണ്ട് സ്ഥാനവും രാജിവെച്ചു. കണിച്ചുകുളങ്ങര ദേവീക്ഷേത്രത്തിലെ ചടങ്ങിനിടെയാണ് ദേവൻ രാജി പ്രഖ്യാപിച്ചത്. രാജിക്കത്ത് തയ്യാറാക്കിയിട്ടുണ്ടെന്നും ഉടൻ സംസ്ഥാന നേതൃത്വത്തിന് കൈമാറുമെന്നും അദ്ദേഹം അറിയിച്ചു.
“ഗുരുദേവ ദർശനങ്ങളാണ് എൻ്റെ രാഷ്ട്രീയം. അത് നടപ്പാക്കാൻ കഴിയുന്നില്ല” എന്ന് ദേവൻ വ്യക്തമാക്കി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ചില ബുദ്ധിമുട്ടുകൾ നേരിട്ടതായും അദ്ദേഹം പറഞ്ഞു.
2004ൽ നവകേരള പീപ്പിൾസ് പാർട്ടി രൂപീകരിച്ച ദേവൻ പിന്നീട് പാർട്ടിയെ ബിജെപിയിൽ ലയിപ്പിക്കുകയായിരുന്നു. കേരളത്തിൻ്റെ വികസനമില്ലായ്മ ചൂണ്ടിക്കാട്ടിയായിരുന്നു അന്ന് പാർട്ടി രൂപീകരിച്ചത്. കേന്ദ്രമന്ത്രി അമിത് ഷായുമായുള്ള ചർച്ചയ്ക്ക് ശേഷമാണ് ബിജെപിയിൽ ലയിക്കാൻ തീരുമാനിച്ചതെന്നും ദേവൻ നേരത്തെ വ്യക്തമാക്കിയിരുന്നു.
2004ലെ വടക്കാഞ്ചേരി ഉപതെരഞ്ഞെടുപ്പിൽ സ്വന്തം പാർട്ടിയുടെ സ്ഥാനാർഥിയായും ദേവൻ മത്സരിച്ചിരുന്നു.