എറണാകുളം മഹാരാജാസ് കോളേജ് വിദ്യാർത്ഥി അഭിമന്യു രാഷ്ട്രീയ സംഘർഷത്തിനിടെ കൊല്ലപ്പെട്ട കേസിൽ തുടർനടപടികൾക്കായി ഓഗസ്റ്റ് 6ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി വീണ്ടും പരിഗണിക്കും. പ്രതികൾക്കെതിരെ കൂടുതൽ കുറ്റവകുപ്പുകൾ ചുമത്തണമെന്ന പ്രോസിക്യൂഷൻ്റെ ആവശ്യമാണ് അന്ന് കോടതി പരിശോധിക്കുക. കേസിൻ്റെ വിചാരണ സമയക്രമം സംബന്ധിച്ചും അന്നേ ദിവസം തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷ.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 323-ാം വകുപ്പ് കൂടി പ്രതികൾക്കെതിരെ ഉൾപ്പെടുത്തണമെന്നാണ് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരിക്കുന്നത്. കോടതി ഇത് അംഗീകരിക്കുകയാണെങ്കിൽ, പുതിയ വകുപ്പ് ഉൾപ്പെടുത്തി പുതുക്കിയ കുറ്റപത്രം സമർപ്പിക്കും. തുടർന്ന് വിചാരണ ആരംഭിക്കുന്നതിന് മുമ്പ് പുതുക്കിയ കുറ്റപത്രം പ്രതികൾക്ക് വീണ്ടും വായിച്ചുകേൾപ്പിക്കും.