ബംഗളുരുവിലെ ദോശ കോര്‍ണറിൽ തട്ടുദോശ കഴിക്കുന്നതിനിടെ അബദ്ധത്തില്‍ കാലിൽ ചവിട്ടിയ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. ബസവേശ്വര നഗറിലെ തിമ്മയ്യ റോഡിലെ ശ്രീ രാഘവേന്ദ്ര വെജ് ദോശ കോര്‍ണറിലാണ് സംഭവം. ദോശ കഴിക്കാനെത്തിയ ഒരാളുടെ കാലില്‍ ചവിട്ടിയെന്ന കാര്യത്തിന്‍റെ പേരിലാണ് കൊലപാതകം നടന്നത്.
മഞ്ജുനാഥ് നഗര്‍ സ്വദേശി ശശികുമാര്‍ ആണ് കൊല്ലപ്പെട്ടത്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ സഹോദരങ്ങളായ പ്രതികൾ ഭാഗ്യരാജ്, മഞ്ജുനാഥ് എന്നിവര്‍ക്കായി പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. കുടുംബത്തോടൊപ്പം മഞ്ജുനാഥ് നഗറിലായിരുന്നു ശശികുമാര്‍ താമസിച്ചിരുന്നത്. സ്വകാര്യ ലോണ്‍ റിക്കവറി സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു ശശികുമാര്‍. രാത്രി ദോശ കഴിക്കാനാണ് ശശികുമാര്‍ അടുത്തുള്ള തട്ടുകടയിലെത്തിയത്.
ഇതേസമയം മഞ്ജുനാഥും ഇവിടെയുണ്ടായിരുന്നു. ദോശ കഴിക്കുന്നതിനിടെ ശശികുമാര്‍ അബദ്ധത്തില്‍ മഞ്ജുനാഥിന്‍റെ കാലില്‍ ചവിട്ടി. ഇരുവരും തമ്മില്‍ ഇതേച്ചൊല്ലി വാക്കുതര്‍ക്കമുണ്ടായി. മഞ്ജുനാഥ് തര്‍ക്കം രൂക്ഷമായതോടെ സഹോദരന്‍ ഭാഗ്യരാജിനെ ഫോണില്‍ വിളിച്ച് വരുത്തി.
കത്തിയുമായി എത്തിയ ഭാഗ്യരാജ് ശശികുമാറിനെ പെട്ടെന്ന് ആക്രമിക്കുകയായിരുന്നു. പ്രതികള്‍ ആയുധം ഉപയോഗിച്ച് ശശികുമാറിന്‍റെ കഴുത്തില്‍ വെട്ടി. ഗുരുതരമായി പരിക്കേറ്റ ശശികുമാര്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. പിന്നീട് പോലീസെത്തി മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മാറ്റി.