രണ്ടു വയസ്സുകാരി ഒരു രാത്രി മുഴുവൻ കഴിഞ്ഞത് വിജനമായ കാപ്പിത്തോട്ടത്തിൽ. സുനിൽ, നാഗിനി ദമ്പതിമാരുടെ മകളായ സുനന്യയെ ശനിയാഴ്‌ചയാണ് കാണാതാവുന്നത്. തോട്ടം തൊഴിലാളികളായ ദമ്പതിമാർ കാപ്പിത്തോട്ടത്തിൽ ജോലിക്ക് പോകുമ്പോൾ മകളെയും കൂട്ടി. മറ്റ് തൊഴിലാളികളുടെ കുട്ടികളോടൊപ്പം കളിക്കുന്നതിനിടെ രണ്ടു വയസ്സുകാരി വഴിതെറ്റി വിജനമായ തോട്ടത്തിനകത്ത് അകപ്പെടുകയായിരുന്നു. കുടക് ജില്ലയിലെ ബി ഷെട്ടിഗേരിയിൽ കൊങ്കണയ്ക്ക് സമീപം ശനിയാഴ്‌ചയാണ് സംഭവം.
തിരച്ചിൽ നടത്തിൽ നടത്താൻ നാട്ടുകാരോടൊപ്പം വനംവകുപ്പ് ഉദ്യോഗസ്ഥരും എത്തി. പക്ഷെ എന്നിട്ടും കുട്ടിയെ കണ്ടെത്താനായില്ല. ഞായറാഴ്ച പുലർച്ചെ പഞ്ചായത്ത് പ്രസിഡണ്ടിൻ്റെ നേതൃത്വത്തിൽ വീണ്ടും തോട്ടത്തിൻ്റെ ഉൾഭാഗങ്ങളിൽ തിരച്ചിലാരംഭിക്കുകയും ഒരു മരത്തിനടിയിൽ കുട്ടിയെ കണ്ടെത്തുകയുമായിരുന്നു.
ഗോണികുപ്പ ഫോറസ്റ്റ് എസ്ഐ പ്രദീപ് കുമാർ, ഡിആർഎഫ്ഒ ജെ.കെ.ശ്രീധർ എന്നിവർ പങ്കെടുത്തു. വൈദ്യപരിശോധനയ്ക്ക് വിധേയരായി കുട്ടിക്ക് യാതൊരു പരിക്ക് പറ്റിയില്ലെന്ന് ഉറപ്പാക്കിയ ശേഷം കുട്ടിയെ രക്ഷിതാക്കൾക്കൊപ്പം വിട്ടു.