ഇന്ന് രാവിലെ സ്‌കൂളിലേക്ക് പോയ വിദ്യാർത്ഥിനിയെ പാറമടയിൽ മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം ശാസ്‌താമുകളിലാണ് സംഭവം. കിണറ്റിങ്കൽ മഹേഷിൻ്റെ മകൾ ആദിത്യയാണ് മരിച്ചത്. ചോറ്റാനിക്കര വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂളിലെ പ്ലസ്‌വൺ വിദ്യാർത്ഥിനിയാണ്. വീടിന് സമീപത്തുള്ള ഉപയോഗ ശൂന്യമായ പാറമടയിലാണ് ആദിത്യയുടെ മൃതദേഹം കണ്ടെത്തിയത്. പെൺകുട്ടിയുടെ ബന്ധുവായ ഓട്ടോഡ്രൈവറാണ് പെൺകുട്ടിയുടെ മൃതദേഹം ആദ്യം കണ്ടത്. ഇയാൾ പാറമടയ്‌ക്കരികിലൂടെ പോകുമ്പോൾ സ്‌കൂൾ ബാഗ് ഉപേക്ഷിച്ച നിലയിൽ കിടക്കുന്നതു കണ്ട് സംശയം തോന്നി പരിശോധിച്ചപ്പോഴാണ് പെൺകുട്ടിയുടെ മൃതദേഹം പാറമടയിലെ വെള്ളത്തിൽ പൊങ്ങിക്കിടക്കുന്നതായി കണ്ടത്. ഉടനെ നാട്ടുകാരെയും പൊലീസിനെയും വിവരമറിയിച്ചതിനെ തുടർന്ന് ചോറ്റാനിക്കര പൊലീസ് സ്ഥലത്തെത്തി മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. പൊലീസ് കേസ് രജിസ്‌റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ചു.

Related Posts