നടി അൻസിബ ഹസൻ നൽകിയ പരാതിയിൽ നടൻ ടിനി ടോമിനെ കടവന്ത്ര പോലീസ് ചോദ്യം ചെയ്തു. ചൊവ്വാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് ടിനി ടോം സ്റ്റേഷനിൽ ഹാജരായി മൊഴി നൽകിയത്. തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുകയും ‘ജിഹാദി’ എന്ന് വിളിച്ച് വർഗീയ പരാമർശങ്ങൾ നടത്തുകയും ചെയ്തെന്ന പരാതിയിലാണ് ചോദ്യം ചെയ്യൽ.

ടിനി ടോമിൻ്റെ പ്രസ്താവനകൾ മാനസികമായി വലിയ ആഘാതമുണ്ടാക്കിയെന്നും പൊതുസമൂഹത്തിൽ അപകീർത്തിപ്പെടുത്തിയെന്നും അൻസിബ പരാതിയിൽ ചൂണ്ടിക്കാട്ടി. ആദ്യം പരാതി ലഭിച്ചിട്ടും കേസെടുക്കാൻ തയ്യാറാകാതിരുന്ന പോലീസ്, അൻസിബ കോടതിയെ സമീപിച്ചതിനെ തുടർന്നാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.

പരാതിയിൽ, അൻസിബയ്‌ക്കെതിരെ പരസ്യമായി അശ്ലീലവും ലൈംഗിക ചുവയുള്ളതുമായ പരാമർശങ്ങൾ നടത്തിയെന്ന കുറ്റവും ഉൾപ്പെടുത്തിയിട്ടുണ്ട്. ‘ജിഹാദി’ എന്ന പരാമർശം തമാശയുടെ ഭാഗമാണെന്ന പോലീസ് റിപ്പോർട്ട് അംഗീകരിക്കാതെയാണ് ടിനി ടോമിനെതിരെ വിശദമായ അന്വേഷണം നടത്താൻ കോടതി നിർദേശം നൽകിയത്.

കേസുമായി ബന്ധപ്പെട്ട് നടിമാരായ നീന കുറുപ്പിൻ്റെയും ശ്വേതാ മേനോൻ്റെയും മൊഴിയും പോലീസ് രേഖപ്പെടുത്തി. അന്വേഷണത്തിൽ ഈ മൊഴികൾക്ക് നിർണായക പ്രാധാന്യമുണ്ടെന്നാണ് വിവരം. ഇതിനിടെ, കേസിൽ അറസ്റ്റിൽ നിന്ന് സംരക്ഷണം തേടി ടിനി ടോം എറണാകുളം പ്രത്യേക കോടതിയെ സമീപിക്കുകയും മുൻകൂർ ജാമ്യം നേടുകയും ചെയ്തിട്ടുണ്ട്.

Related Posts