പരീക്ഷയിൽ മാർക്ക് കുറഞ്ഞതിനെത്തുടർന്ന് അമ്മ വഴക്കുപറഞ്ഞതിൽ മനോവിഷമത്തിലായ ആറാം ക്ലാസ് വിദ്യാർഥിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. നെടുമൺകാവ് സൊസൈറ്റി മുക്കിൽ അനിൽകുമാർ–രേഷ്മ ദമ്പതികളുടെ മകൻ ദേവദർശ് (11) ആണ് മരിച്ചത്. കെഎൻഎസ് സെൻട്രൽ സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയായിരുന്നു.
ഇന്നലെ വൈകിട്ടാണ് കിടപ്പുമുറിയിലെ ജനൽക്കമ്പിയിൽ തോർത്ത് ഉപയോഗിച്ച് തൂങ്ങിയ നിലയിൽ കുട്ടിയെ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്നാണ് വിവരം.
പരീക്ഷയിൽ മാർക്ക് കുറഞ്ഞ വിവരം അധ്യാപിക ഫോണിലൂടെ അറിയിച്ചതിനെത്തുടർന്ന് അമ്മ കുട്ടിയെ ശകാരിച്ചിരുന്നു. ഇതിൽ ദേവദർശ് ഏറെ മനോവിഷമത്തിലായിരുന്നുവെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് പൂയപ്പള്ളി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കുട്ടിയുടെ മരണത്തിൽ കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്നും സംഭവത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ വിശദമായി പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു.