മെട്രോ ട്രെയിനിൽ യാത്രയ്ക്കിടെ പിടിക്കാനുള്ള ഹാൻഡിൽ പൊട്ടിവീണ് യാത്രക്കാരന് പരിക്കേറ്റ സംഭവത്തിൽ ബംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡിന് (BMRCL) തിരിച്ചടി. യാത്രക്കാരന് 5,000 രൂപ നഷ്ടപരിഹാരം നൽകാൻ ബെംഗളൂരു അർബൻ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ഉത്തരവിട്ടു. സേവനത്തിലെ വീഴ്ചയാണ് അപകടത്തിന് കാരണമായതെന്ന് കമ്മീഷൻ നിരീക്ഷിച്ചു.

2025 ജനുവരി 18നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഗംഗാനഗർ എക്സ്റ്റൻഷൻ സ്വദേശിയായ 49കാരൻ എം.ജി. നാഗരാജുവാണ് അപകടത്തിൽപ്പെട്ടത്. രാജാജിനഗറിൽനിന്ന് മെട്രോ കാർഡ് ഉപയോഗിച്ച് കെ.ആർ. മാർക്കറ്റിലേക്ക് യാത്ര ചെയ്യുകയായിരുന്നു അദ്ദേഹം. ട്രെയിനിൽ സീറ്റുകൾ ഒഴിവില്ലാതിരുന്നതിനാൽ എഴുന്നേറ്റുനിന്ന് കൈപ്പിടിയിൽ പിടിച്ചാണ് യാത്ര ചെയ്തിരുന്നത്.

ട്രെയിൻ കെ.ആർ. മാർക്കറ്റ് സ്റ്റേഷനിലേക്ക് അടുക്കുന്നതിനിടെ യാത്രക്കാരൻ പിടിച്ചിരുന്ന ഹാൻഡിൽ അപ്രതീക്ഷിതമായി പൊട്ടിവീണ് മൂക്കിൽ ശക്തമായി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ മൂക്കിൽനിന്ന് രക്തം വരികയും 3,000 രൂപ വിലയുള്ള കണ്ണട തകരുകയും ചെയ്തു. ഓടിക്കൊണ്ടിരുന്ന ട്രെയിനിനുള്ളിൽ ബാലൻസ് നഷ്ടപ്പെട്ട് വീഴാൻപോയ യാത്രക്കാരനെ സഹയാത്രികരാണ് സഹായിച്ചത്.

ട്രെയിനിൽനിന്ന് ഇറങ്ങിയ ഉടൻ നാഗരാജു സ്റ്റേഷൻ കൺട്രോളറെ സമീപിച്ച് അപകടത്തെക്കുറിച്ച് പരാതി നൽകി. എന്നാൽ ആദ്യം പരാതി സ്വീകരിക്കാൻ അധികൃതർ തയ്യാറായില്ലെന്നും പലതവണ ആവശ്യപ്പെട്ട ശേഷമാണ് പരാതി രജിസ്റ്റർ ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു.

നാല് ദിവസത്തിനുശേഷം മെട്രോയുടെ പരാതി വിഭാഗവുമായി ബന്ധപ്പെട്ടപ്പോഴും പരാതി ലഭിച്ചിട്ടില്ലെന്ന മറുപടിയാണ് ലഭിച്ചതെന്ന് നാഗരാജു പറഞ്ഞു. തുടർന്ന് 2025 ജനുവരി 24ന് ബിഎംആർസിഎൽ ഇ-മെയിൽ വഴി മെഡിക്കൽ നഷ്ടപരിഹാരം നൽകാനുള്ള ഉത്തരവാദിത്വം നിഷേധിക്കുകയായിരുന്നു.

Related Posts