ഉത്തർ പ്രദേശിലെ പ്രയാഗ് രാജിൽ നിന്നും കർണാടകയിലേക്ക് തിരിച്ചു വരുകയായിരുന്ന വാഹനം അപകടത്തിൽ പെട്ട് ആറ് കർണാടക സ്വദേശികൾ മരിച്ചു. മധ്യപ്രദേശിലെ ജബൽപുർ ജില്ലയിൽ കിറ്റോള പൊലീസ് സ്റ്റേഷൻ പരിധിയിൽ പഹ് രേവ ഗ്രാമത്തിനടുത്ത് തിങ്കളാഴ്‌ച പുലർച്ച 5 മണിക്ക് ആണ് അപകടം നടന്നത്.
അപകടത്തിൽ ബെളഗാവി ഗോകഖ് സ്വദേശികളായ ബാലചന്ദ്ര നാരായണ ഗൗഡർ (50), സുനിൽ ബാലകൃഷ്‌ണ (45), ബസവരാജ് നീരപ്പദപ്പ (63), ബസവരാജ് ശിവപ്പ ദൊഡ്ഡമണി (49), ഈരണ്ണ ശങ്കരപ്പ ശിബനകട്ടി (27), വിരുപക്ഷ ചന്നപ്പ ഗുമട്ടി (61) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ മുഷ്താഖ് കുറുബെട്ട, സദാശിവ കുത്താരി എന്നിവരെ ആശു പത്രിയിൽ പ്രവേശിപ്പിച്ചു.
ഉത്തർ പ്രദേശിലെ പ്രയാഗ് രാജിൽ നിന്നും കർണാടകയിലേക്ക് തിരിച്ചു വരുകയായിരുന്ന ക്രൂയിസർ വാൻ നിയന്ത്രണം വിട്ട് മരത്തിൽ ഇടിച്ചശേഷം മറിഞ്ഞ് ദേശീയ പാതയുടെ മറുവശത്തേക്ക് വീഴുകയും ബസിൽ ഇടിക്കുകയുമായിരുന്നു. ആറുപേരും സംഭവസ്ഥലത്തു വെച്ച് തന്നെ മരിച്ചു.
പരിക്കേറ്റവരെ സിഹോര ആശുപത്രിയിൽനിന്നും പ്രാഥമിക ചികിത്സക്കുശേഷം ജബൽപൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. മധ്യപ്രദേശ് കലക്ടറും പൊലീസ് മേധാവിയും സംഭവസ്ഥലം സന്ദർശിച്ചു. ബെളഗാവി ഡെപ്യൂട്ടി കമീഷ ണർ ജബൽപൂർ ജില്ല ഭരണകുടവുമായി ബന്ധപ്പെട്ട് ആവശ്യമായ നടപടികൾ സ്വീകരിച്ചുവരുകയാണ്.