അന്തരിച്ച സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ്റെ മരണശേഷം പാർട്ടിയുടെ ഉന്നത നേതൃത്വത്തിൽ നിന്നും തങ്ങൾക്കുണ്ടായത് വലിയ അവഗണനയെന്ന് ഭാര്യ വിനോദിനി കോടിയേരി. ‘പച്ചക്കുതിര’ മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പാർട്ടിയുടെ ഉന്നത നേതൃത്വത്തിനെതിരെ വിനോദിനി കോടിയേരി രൂക്ഷവിമർശനവുമായി രംഗത്തെത്തിയത്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെ ലക്ഷ്യം വെച്ചാണ് വിനോദിനിയുടെ ഈ പരോക്ഷ വിമർശനമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.
കോടിയേരിയുടെ വിയോഗത്തിന് ശേഷം പാർട്ടിയുടെ ഉന്നത നേതൃത്വത്തിൽ നിന്നും കുടുംബത്തിന് ക്രൂരമായ അവഗണനയാണ് നേരിടേണ്ടി വന്നതെന്ന് വിനോദിനി പറയുന്നു. പാർട്ടിയിലെ പ്രമുഖ നേതാക്കൾ കുടുംബത്തെ തിരിഞ്ഞുപോലും നോക്കിയില്ലെന്നും അവർ ആരോപിക്കുന്നു. കേരളത്തിൽ ഉന്നത പദവിയിലിരിക്കുന്ന ഒരു പിബി അംഗം താൻ വിളിക്കുമ്പോൾ ഫോൺ പോലും എടുക്കാറില്ലെന്നും വിനോദിനി വെളിപ്പെടുത്തുന്നു. കഴിഞ്ഞ നാല് വർഷത്തിനിടെ ഒരിക്കൽ പോലും കുടുംബത്തിൻ്റെ സൗഖ്യം അന്വേഷിക്കാൻ ഇത്തരം നേതാക്കൾ തയ്യാറായില്ലെന്നും അവർ തുറന്നടിച്ചു. കോടിയേരി ബാലകൃഷ്ണൻ്റെ കാലശേഷം കുടുംബത്തിന് നേരിടേണ്ടി വന്ന മാനസിക പ്രയാസങ്ങളും പാർട്ടി നേതൃത്വത്തിൻ്റെ മൗനവും വ്യക്തമാക്കുന്നതാണ് ഈ അഭിമുഖം.