വികസിത കേരളത്തിൽ കൂടി മാത്രമേ വികസിത ഭാരതം പൂർത്തിയാക്കാനാകുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പുത്തരിക്കണ്ടം മൈതാനത്ത് സംസാരിക്കുകയായിരുന്നു മോദി. കേന്ദ്ര സർക്കാർ കേരളത്തിലെ ജനങ്ങൾക്കൊപ്പം ഉണ്ടാകുമെന്നും കേരളത്തിന്റെ വികസനത്തിന് ഇന്ന് മുതൽ പുതിയ ദിശാബോധം നൽകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. വികസിത ഭാരതത്തിനായി രാജ്യം മുഴുവൻ ശ്രമിക്കുകയാണ്. നഗരത്തിലെ പാവപ്പെട്ട കുടുംബങ്ങൾക്കായി സർക്കാർ ഒത്തിരി കാര്യങ്ങൾ ചെയ്യുന്നുണ്ട്. കേരളത്തിലെ നഗരങ്ങളിലെ ദരിദ്ര കുടുംബങ്ങൾക്കും ആവാസ് യോജന വഴി വീട് കിട്ടി. മുമ്പ് ധനികരുടെ കൈകളിൽ മാത്രമായിരുന്നു ക്രെഡിറ്റ് കാർഡ്. തെരുവ് കച്ചവടക്കാരുടെ കൈകളിലും ഇപ്പോൾ ക്രെഡിറ്റ് കാർഡ് എത്തി.
പിഎം സ്വാനിധി പദ്ധതിയിലേക്ക് കേരളത്തേയും ഉൾപ്പെടുത്തും. തൃശൂർ – ഗുരുവായൂർ പാസഞ്ചർ തീർഥാടകർക്ക് സഹായകരമാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. നിരവധി പദ്ധതികൾക്ക് പ്രധാനമന്ത്രി തുടക്കം കുറിച്ചു. ശ്രീ ചിത്രയിൽ റേഡിയോ ചികിത്സാ സെന്ററിന് തറക്കല്ലിട്ടു, അമൃത് ഭാരത് ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്തു, കേരളത്തിൽ മൂന്ന് അമൃത് ഭാരത് ട്രെയിനുകളാണ് ഫ്ലാഗ് ഓഫ് ചെയ്തത്. കേരളത്തിനുള്ള അതിവേഗ റെയിൽ പാതയും പ്രധാനമന്ത്രി പ്രഖ്യാപിക്കാൻ സാധ്യതയുണ്ട്. സിൽവർലൈനിന് ബദലായുള്ള ഇ ശ്രീധരൻ്റെ പദ്ധതിയാണ് പ്രഖ്യാപിക്കുന്നതെന്നാണ് സൂചന. ഡിപിആർ തയ്യാറാക്കുന്ന ഡിഎംആർസിക്ക് തന്നെയായിരിക്കും നിർമ്മാണച്ചുമതല.