കോട്ടയം ചങ്ങനാശ്ശേരിയിൽ പള്ളി പെരുന്നാളിനിടെ യന്ത്ര ഊഞ്ഞാലിൻ്റെ വാതില്‍ അടര്‍ന്നു വീണുണ്ടായ അപകടത്തില്‍ 17 കാരന് ​ഗുരുതരമായി പരിക്കെറ്റു. ചങ്ങനാശ്ശേരി സ്വദേശി അലന്‍ ബിജുവിനാണ് പരിക്കേറ്റത്. ഇന്നലെ രാത്രി എട്ടരയോടെയായിരുന്നു അപകടം. ബന്ധുവിനൊപ്പം യന്ത്ര ഊഞ്ഞാലിൻ്റെ താഴെ നില്‍ക്കുകയായിരുന്നു അലന്‍. യന്ത്ര ഊഞ്ഞാലിൻ്റെ വാതിൽ ഇളകി അലൻ്റെ തലയിലേക്ക് വീഴുകയായിരുന്നു.

തലയ്ക്ക് ​ഗുരുതരമായി പരിക്കേറ്റ അലനെ തെള്ളകത്തെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. അലൻ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.അപകടത്തെത്തുടർന്ന് യന്ത്ര ഊഞ്ഞാലിൻ്റെ പ്രവർത്തനം പൊലീസ് താല്ക്കാലികമായി നിർത്തിവെപ്പിച്ചു. ചങ്ങനാശ്ശേരി മെട്രോപൊളിറ്റൻ പള്ളിയിലെ പെരുന്നാളിൻ്റെ ഭാ​ഗമായാണ് യന്ത്ര ഊഞ്ഞാൽ ഒരുക്കിയത്. സുരക്ഷാ വീഴ്ചയെ തുടര്‍ന്ന് യന്ത്ര ഊഞ്ഞാൽ ഓപ്പറേറ്ററെ പൊലീസ് കസ്റ്റഡിയിലെടുത്തു

Related Posts