അസ്വാഭാവിക സംഭവങ്ങളോ അത്യാഹിതങ്ങളോ ഉണ്ടായാൽ നേരിടാൻ മധ്യറെയിൽവേ സ്റ്റേഷനുകളിൽ പാനിക് ബട്ടണുകൾ സ്ഥാപിച്ചു തുടങ്ങി. കഴിഞ്ഞദിവസം മുളുണ്ട് റെയിൽവേ സ്റ്റേഷനിൽ ഒരുപാനിക് ബട്ടൺ സ്ഥാപിച്ചു. മധ്യറെയിൽവേയുടെ മെയിൻ, ഹാർബർ ലൈനുകളിലെ 117 റെയിൽവേ സ്റ്റേഷനുകളുടെ ഇരുവശത്തും പരീക്ഷണാടിസ്ഥാനത്തിൽ പാനിക് ബട്ടണുകൾ സ്ഥാപിക്കുമെന്ന് റെയിൽവേ അറിയിച്ചു.

ക്രിമിനൽ പ്രവർത്തനങ്ങൾ, അപകടങ്ങൾ തുടങ്ങിയ സംഭവങ്ങളിൽ യാത്രക്കാർക്ക് റെയിൽവേ ജീവനക്കാർ, റെയിൽവേ പ്രൊട്ടക്‌ഷൻ ഫോഴ്സ് (ആർപിഎഫ്), കൺട്രോൾ റൂമുകൾ എന്നിവയെ വിവരം അറിയിക്കാൻ ഇത് സഹായിക്കുമെന്ന് റെയിൽവേ പറയുന്നു. പാനിക് ബട്ടണുകൾ 2023-ൽ സ്ഥാപിക്കാൻ റെയിൽവേ തീരുമാനിച്ചിരുന്നതാണ്. എന്നാൽ നടപടികൾ മുന്നോട്ടുപോയില്ല. ജൂൺ 9 ന് മുംബ്രയിൽ നടന്ന ലോക്കൽ ട്രെയിൻ ദുരന്തത്തെത്തുടർന്ന് ഇപ്പോൾ ഇത് നടപ്പാക്കാനാണ് റെയിൽവേയുടെ തീരുമാനം.

മധ്യറെയിൽവേയുടെ പ്രധാന തുറമുഖപാതകളിൽ റെയിൽ ടെൽകോർപ്പറേഷൻ ഇന്ത്യ ലിമിറ്റഡ് (ആർസിഐഎൽ) പാനിക് ബട്ടണുകൾ സ്ഥാപിച്ചിട്ടുണ്ടെന്ന് മധ്യറെയിൽവേ വക്താവ് പറഞ്ഞു. ചിഞ്ച്പോക്ലി, കറിറോഡ്, ബൈക്കുള, മുളുണ്ട്, ഡോക്ക്‌യാർഡ് റോഡ്, കോട്ടൺ ഗ്രീൻ എന്നിവ പാനിക് ബട്ടണുകൾ സ്ഥാപിച്ചിട്ടുള്ള ചില സ്റ്റേഷനുകളാണെന്ന് റെയിൽവേ വ്യക്തമാക്കി.

Related Posts