ഗോണ്ടയില്‍ വാഹനം കനാലിലേക്ക് മറിഞ്ഞ് കുട്ടികളടക്കം11പേര്‍ മരിച്ചു. 4 പേര്‍ക്ക് പരിക്കേറ്റു. ഉത്തര്‍പ്രദേശിലെ ഗോണ്ടയിൽ 15 പേരുമായി യാത്ര ചെയ്തിരുന്ന വാഹനം നിയന്ത്രണം വിട്ട് സരയൂ കനാലിലേക്ക് പതിക്കുകയായിരുന്നു. സീഹ്ഗാവ്-ഖരഗൂപ്പൂര്‍ റോഡില്‍ മൂര്‍ഗഞ്ച് പോലീസ് സ്റ്റേഷന് സമീപമാണ് അപകടം നടന്നത്. പൃഥ്വിനാഥ് ക്ഷേത്രത്തില്‍ പ്രാര്‍ത്ഥിക്കാനായി പോകുന്നവരായിരുന്നു അപകടത്തില്‍പ്പെട്ടവര്‍.
6 സ്ത്രീകളും 2 പുരുഷന്മാരും 3 കുട്ടികളും മരിച്ചവരിൽ ഉൾപ്പെടുന്നു. ഒരേ കുടുംബത്തിൽപ്പെട്ടവരാണ് മരിച്ചവരിൽ ഭൂരിഭാഗവും. നാട്ടുകാർ അപകടത്തിന് പിന്നാലെ ഉടനെ പോലീസിൽ വിവരമറിയിച്ചു. നാട്ടുകാരുടെ സഹായത്തോടെ രക്ഷാപ്രവർത്തനം ആരംഭിക്കുകയും കനാലിൽ നിന്ന് മൃതദേഹങ്ങൾ കണ്ടെടുക്കുകയും ചെയ്തു.
സംഭവത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദുഃഖം രേഖപ്പെടുത്തുകയും പരിക്കേറ്റവർക്ക് അടിയന്തര വൈദ്യസഹായം ഉറപ്പാക്കാൻ ജില്ലാ അധികൃതർക്ക് നിർദ്ദേശം നൽകുകയും ചെയ്‌തു. യുപി മുഖ്യമന്ത്രി മരിച്ചവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.