ഇറാൻ-ഇസ്രായേൽ സംഘർഷത്തിൽ മധ്യസ്ഥത വഹിക്കാൻ തയ്യാറാണെന്ന റഷ്യൻ പ്രസിഡൻ്റ് വ്ലാദിമിർ പുതിൻ്റെ പ്രസ്താവനയെ പരിഹസിച്ച് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. റഷ്യയും യുക്രൈനും തമ്മിലുള്ള പ്രശ്‌നം ആദ്യം തീർത്തതിനുശേഷം പുറത്തുള്ളവരെക്കുറിച്ച് ആശങ്കപ്പെട്ടാൽ മതിയെന്ന് ട്രംപ് പ്രതികരിച്ചു.

പുതിനുമായി താൻ സംസാരിച്ച കാര്യം ട്രംപ് മാധ്യമങ്ങളുമായി പങ്കുവെച്ചു. ‘കഴിഞ്ഞദിവസം ഞാൻ പുതിനുമായി സംസാരിച്ചു. മധ്യസ്ഥത വഹിക്കാനുള്ള സന്നദ്ധത അദ്ദേഹം എന്നെ അറിയിച്ചു. ഞാൻ അദ്ദേഹത്തോട് പറഞ്ഞു, നിങ്ങളുടെ പ്രശ്‌നത്തിൽ ആദ്യം മധ്യസ്ഥത വഹിക്കൂ. ഇതിനെ കുറിച്ച് പിന്നീട് ആശങ്കപ്പെടാം’ ട്രംപ് പറഞ്ഞു.

ഒരുപാട് പേർക്ക് റഷ്യയും യുക്രൈനുമായുള്ള യുദ്ധത്തിൽ ജീവൻ നഷ്ടപ്പെട്ടതായും അവിടെ സമാധാനം കൊണ്ടുവരാൻ ഉദ്യോഗസ്ഥരെ അമേരിക്ക നിയോഗിച്ചതായും ട്രംപ് പറഞ്ഞു. യുക്രൈൻ പ്രസിഡൻ്റ് ലോഡിമിർ സെലൻസ്കി തൻ്റെ നാറ്റോ സ്വപ്നം ഉപേക്ഷിക്കാത്തതും റഷ്യ കീവിന് നേരെ വെടിവെക്കൽ തുടരുന്നതുമാണ് സമാധാന ചർച്ചകൾ പരാജയപ്പെടാൻ കാരണം എന്നും ട്രംപ് കുറ്റപ്പെടുത്തി.

കണക്ക് കൂട്ടി എല്ലാം ചെയ്യുന്ന ഒരു ബിസിനസ്സുകാരനാണ് ട്രംപ് എന്നും റഷ്യയുമായുള്ള ബന്ധം പുനഃസ്ഥാപിക്കാൻ അമേരിക്ക നടപടികൾ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ട്രംപുമായി സംസാരിച്ച ശേഷം പുതിൻ പറഞ്ഞു. അന്താരാഷട്ര വാർത്താ ഏജൻസികളുമായി ബുധനാഴ്ച്ച സംസാരിക്കുമ്പോഴാണ് പുതിൻ ഒത്തുതീർപ്പ് ചർച്ചയ്ക്കുള്ള റഷ്യയുടെ സന്നദ്ധത അറിയിച്ചത്.

സമാധാനപരമായ ആണവപദ്ധതി ടെഹറാനിൽ പിന്തുടരുന്നതിനായി ഇടപെടാനുള്ള താൽപര്യം റഷ്യ അറിയിച്ചു. തങ്ങളുടെ നിർദേശം ഇസ്രായേൽ, ഇറാൻ, അമേരിക്ക എന്നീ രാജ്യങ്ങളുമായി ഇക്കാര്യം പങ്കുവെച്ചതായും റഷ്യ പറഞ്ഞു.

Related Posts