ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വൈറ്റ്ഹൗസിൽ യുഎസ് പ്രസിഡണ്ട് ഡൊണൾഡ് ട്രംപുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. ഹമാസ് ബന്ദികളാക്കിയ ഇസ്രയേൽ പൗരൻമാരുടെ മോചനത്തിനും ഗാസയിലെ വെടിനിർത്തലിനും ട്രംപ് ഇന്നത്തെ കൂടിക്കാഴ്‌ചയിൽ പുതിയ 21 ഇന കരാർ അവതരിപ്പിച്ചേക്കും.
ചർച്ചകളുടെ ഭാഗമായി ഇസ്രയേലിലെ യുഎസ് അംബാസഡർ മൈക്ക് ഹക്കബീ ഈജിപ്‌ത് സന്ദർശിക്കും.
ഇസ്രയേലിൻ്റെ സഖ്യരാഷ്ട്രങ്ങൾ പലതും പലസ്‌തീൻ അനുകൂല നിലപാട് സ്വീകരിക്കുകയും രാജ്യാന്തര കായിക – സാംസ്‌കാരിക പരിപാടികളിൽ ഇസ്രയേലിന് വിലക്കേർപ്പെടുത്താനുള്ള നീക്കങ്ങൾ സജീവമാകുകയും ചെയ്‌ത പശ്ചാത്തലത്തിലാണ് നെതന്യാഹു – ട്രംപ് കൂടിക്കാഴ്ച. ഇന്നലെ 77 പേർ കൂടി മരിച്ചതോടെ ഗാസയിൽ ആകെ കൊല്ലപ്പെട്ടവരുടെ എണ്ണം 66,005 ആയി. ഗാസ സിറ്റിയിലെ വ്യോമാക്രമണത്തിൽ, രണ്ട് ബന്ദികളുമായുള്ള ബന്ധമറ്റതായി അറിയിച്ച ഹമാസ് ഇവരെ സുരക്ഷിതസ്ഥാനത്തേക്കു മാറ്റാൻ 24 മണിക്കൂർ നേരത്തേക്ക് ആക്രമണം നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു.