പോലീസ് ഉദ്യോഗസ്ഥന്‍റെ ശരീരത്തിലുടെ കാർ കയറ്റിയ സഭവം; പ്രതികളുടെ രണ്ട് സുഹൃത്തുക്കൾ പിടിയിൽ. കൊച്ചി മൂവാറ്റുപുഴയിൽ വാഹന പരിശോധനയ്ക്കിടെ പോലീസ് ഉദ്യോഗസ്ഥനെ കാർ കയറ്റി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതികളുടെ രണ്ട് സുഹൃത്തുക്കളെ കസ്റ്റഡിയിലെടുത്തു. കല്ലൂർക്കാട് പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ഇ.എം. മുഹമ്മദിന് നേരെയായിരുന്നു ആക്രമണം ഉണ്ടായത്. അപായപ്പെടുത്താൻ ശ്രമിച്ചവരുടെ 2 സുഹൃത്തുക്കളെയാണ് ഇപ്പോൾ കസ്റ്റഡിയിലെടുത്തിട്ടുള്ളത്.

വാഹന പരിശോധനയിൽ നിന്ന് കടന്നുകളയാൻ ശ്രമിച്ച കാർ യാത്രക്കാർ ഉദ്യോഗസ്ഥന്‍റെ ശരീരത്തിലുടെ കാർ കയറ്റിയിറക്കുകയായിരുന്നു. പ്രതികളുടെ സുഹൃത്തുക്കളെ വിശദമായി ചോദ്യം ചെയ്‌ത് വരികയാണ്. ഇരുവരെയും തൊടുപുഴയിൽ നിന്നാണ് കസ്റ്റഡിയിൽ എടുത്തത്. തൊടുപുഴ വെങ്ങല്ലൂർ സ്വദേശികളാണ് പ്രതികൾ എന്നാണ് സൂചന. ഇന്നലെ വൈകിട്ടോടെ കദളിക്കാട് വെച്ചാണ് സംഭവം നടന്നത്.

പരിക്കേറ്റ ഉദ്യോഗസ്ഥനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. 2 പേർക്കുമെതിരെ സംഭവത്തിൽ വധശ്രമത്തിന് കേസെടുത്തു. പ്രതികൾക്കായി അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു. കാറിൽ രണ്ടുപേരാണ് ഉണ്ടായിരുന്നതെന്നാണ് വിവരം. യുവാക്കളോട് വാഹന പരിശോധനയ്ക്കിടെ സംശയം തോന്നിയപ്പോഴാണ് കാർ നിർത്താൻ പറഞ്ഞതെന്നും പ്രതികളെ കണ്ടാൽ തിരിച്ചറിയുമെന്നും എസ്ഐ മുഹമ്മദ് പറഞ്ഞു. കാലിലൂടെയും ദേഹത്തു കൂടെയും കാർ കയറിയിറങ്ങിയെന്നും മുഹമ്മദ് പറഞ്ഞു.

Related Posts