സംസ്ഥാനത്തെ പ്രഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബലിപെരുന്നാൾ പ്രമാണിച്ച് നാളെ (വെള്ളിയാഴ്ച) അവധി പ്രഖ്യാപിച്ചു. ഉന്നതവിദ്യഭ്യാസ വകുപ്പിന് കീഴിൽ വരുന്ന പ്രഫഷണൽ കോളജുകൾ ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു അവധി പ്രഖ്യാപിച്ചതിന് പിറകെയാണ് സംസ്ഥാനത്തെ മുഴുവൻ സ്കൂളുകൾക്കും അവധിയായിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയും വ്യക്തമാക്കിയത്.നേരത്തെ,
വെള്ളിയാഴ്ച സർക്കാർ കലണ്ടർ പ്രകാരം അവധിയായിരുന്നു. ഇതിനിടെയാണ് വിദ്യാലയങ്ങൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും വെള്ളിയാഴ്ച പ്രവൃത്തി ദിവസമായും ശനിയാഴ്ച അവധിയായും സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചത്. പ്രതിപക്ഷ പാർട്ടികളും മതസംഘടനകളും പെരുന്നാൾ അവധി മാറ്റിയതിനെതിരെ വലിയ വിമർശനമാണ് ഉയർത്തിയത്.
നാളെ സംസ്ഥാനത്ത് ഒരുവിഭാഗം പെരുന്നാൾ ആഘോഷിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ രണ്ടു ദിവസം അവധി വേണമെന്നായിരുന്ന ആവശ്യം. പ്രതിഷേധം ശക്തമായതോടെ സർക്കാർ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകാൻ നിർബന്ധിതരാകുകയായിരുന്നു.