അതിശക്തമായ മഴ വകവെക്കാതെ നാട് ഒന്നടങ്കം കോടഞ്ചേരി സെൻ്റ് മേരീസ് പള്ളിയങ്കണത്തിലേക്ക് എത്തി. ഷോക്കേറ്റ് മരിച്ച കുരുന്നുകൾക്ക് യാത്രാമൊഴിയേകാൻ. പള്ളിയങ്കണം മൃതദേഹങ്ങൾ വഹിച്ചു കൊണ്ടുള്ള വിലാപയാത്രയ്ക്ക് മണിക്കൂർ മുൻപേ ജനങ്ങളെക്കൊണ്ട് നിറഞ്ഞു. മന്ത്രി കെ. കൃഷ്ണൻകുട്ടി വീട്ടിലെത്തി അന്ത്യോപചാരമർപ്പിച്ചു. മരിച്ച കുട്ടികളുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകുമെന്ന് മന്ത്രി പറഞ്ഞു.

വയനാട് എംപി പ്രിയങ്കാ ഗാന്ധിക്കുവേണ്ടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് ജോബി ഇലന്തൂർ പുഷ്പചക്രം അർപ്പിച്ചു. ഐവിനും നിധിനും പഠിച്ച നെല്ലിപ്പൊയിൽ സെൻ്റ് ജോൺസ് ഹൈസ്കൂൾ, കോടഞ്ചേരി എൽപി സ്കൂൾ, കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലെ വിദ്യാർഥികളും അധ്യാപകരും ആദരാഞ്ജലിയർപ്പിച്ചു.

ലിൻ്റാ ജോസഫ് എംഎൽഎ ഉൾപ്പെടെ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖർ സംസ്കാര ചടങ്ങിൽ പങ്കുചേർന്നു. സംസ്കാരശുശ്രൂഷകൾക്ക് താമരശ്ശേരി രൂപതാ വികാരി ജനറാൾ മോൺസിഞ്ഞോർ അബ്രഹാം വയലിൽ, ഇടവക വികാരി ഫാ. കുര്യാക്കോസ് ഐകുളമ്പിൽ എന്നിവർ മുഖ്യകാർമ്മികത്വം വഹിച്ചു. കോടഞ്ചേരി സെൻ്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിലെ ഒരു കല്ലറയിൽത്തന്നെ ഇരുവർക്കും അന്ത്യവിശ്രമമൊരുക്കി.

Related Posts