അറബിക്കടലിൽ ചെരിഞ്ഞ കപ്പൽ പൂര്‍ണമായും മുങ്ങി, കണ്ടെയ്നറുകൾ കടലിൽ പതിച്ചു. കപ്പൽ മുങ്ങുന്നത് ഒഴിവാക്കാനുള്ള ശ്രമങ്ങൾ വിഫലമായി. എം.എസ്.സി എൽസ-3 എന്ന ചരക്കുകപ്പൽ കൊച്ചി തീരത്തുനിന്ന് 38 നോട്ടിക്കൽ മൈൽ അകലെ അറബിക്കടലിൽ മുങ്ങി. കപ്പൽ ഇതിനോടകം 90 ശതമാനത്തോളം മുങ്ങിക്കഴിഞ്ഞു. കപ്പൽ ഉയർത്തുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചിരുന്നെങ്കിലും ദൗത്യത്തിലേക്ക് കടക്കുന്നതിന് മുന്നെ കപ്പൽ പൂർണമായും മുങ്ങി. കപ്പലിൽ അവശേഷിച്ച കണ്ടെയ്നറുകളെല്ലാം കടലിൽ പതിച്ചു.

ജീവനക്കാരെ രക്ഷപ്പെടുത്തിയിട്ടും ക്യാപ്റ്റൻ ഉൾപ്പെടെ 3 പേർ കപ്പലിൽ തുടർന്നത് കപ്പൽ നിവർത്താനുള്ള ദൗത്യം കണക്കിലെടുത്തായിരുന്നു. 26 ഡിഗ്രി ചരിഞ്ഞനിലയിലായിരുന്നു കോസ്റ്റ് ഗാർഡ് എത്തുമ്പോൾ. കപ്പൽ ഉയർത്താൻ സാധിക്കുമെന്നായിരുന്നു ആദ്യ ഘട്ടത്തിലെ പ്രതീക്ഷ. എന്നാൽ കപ്പൽ കൂടുതൽ ചരിയുകയും കൂടുതൽ കണ്ടെയ്‌നറുകൾ വീണ്ടും കടലിൽ പതിക്കുകയും ചെയ്ത‌തോടെ നിവർത്തൽ അസാധ്യമായി. അവശേഷിച്ച മൂന്ന് പേരെയും സുരക്ഷ കണക്കിലെടുത്ത് രാവിലെ നാവികസേന കപ്പലിൽ നിന്നും രക്ഷിച്ചു. കണ്ടെയ്‌നറുകൾ പൂർണമായും കടലിൽ പതിച്ചതോടെ കടുത്ത പാരിസ്ഥിതിക പ്രതിസന്ധിയാണ് ഉടലെടുത്തിയിരിക്കുന്നത്.

ഇന്ധനം ചോർന്നാൽ അത് കടലിലെ ജീവികളെ ബാധിക്കും. കണ്ടെയ്‌നറുകളിൽ രാസവസ്തുക്കളുണ്ടെങ്കിൽ അത് നീക്കുന്നതിനും വിദഗ്‌ധ സംവിധാനങ്ങളുണ്ട്. കപ്പലിൽ നിലവിൽ ഉള്ളതും കടലിൽ ഒഴുകി നടക്കുന്നതുമായ കണ്ടെയ്‌നറുകളിലെ കാർഗോ എന്താണെന്ന് കപ്പൽ കമ്പനിക്കുമാത്രമേ അറിയാനാകൂ. കപ്പലിൽ ഉപയോഗിക്കുന്ന ബങ്കർ ഓയിൽ ആയിരിക്കാമെന്ന് കേരള മാരിടൈം ബോർഡ് മുൻ ചെയർമാനും മാരിടൈം നിയമത്തിൽ വിദഗ്‌ധനുമായ സീനിയർ അഭിഭാഷകൻ വി.ജെ. മാത്യു പറഞ്ഞു.

എറണാകുളം, ആലപ്പുഴ, തൃശ്ശൂർ, തിരുവനന്തപുരം തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് തുറമുഖ വകുപ്പ് മന്ത്രി വി എൻ വാസവൻ അറിയിച്ചിട്ടുണ്ട്. കണ്ടെയ്‌നറുകൾ ഒഴുകി തീരാത്തെത്തിയാൽ അപകടമാണ്. ലൈബീരിയൻ പതാക വഹിക്കുന്ന എം.എസ്.സി. എൽസ 3 എന്ന കപ്പലാണ് അപകടത്തിൽപ്പെട്ടത്. 184 മീറ്റർ നീളവും 26 മീറ്റർ വിസ്‌താരവുമുള്ള കപ്പലാണ് എം.എസ്.സി. എൽസ 3. നാന്നൂറോളം കണ്ടെയ്‌നറുകളുമായാണ് കപ്പൽ യാത്ര തിരിച്ചത്. ശനിയാഴ്‌ച വൈകിട്ട് നാലരയോടെ കൊച്ചിയിലെത്തേണ്ടിയിരുന്നതായിരുന്നു. 1997 ൽ നിർമ്മിച്ച കപ്പലാണിത്.

Related Posts