പാലക്കാട് ചങ്ങലീരിയിൽ നിപ ബാധിച്ചു മരിച്ചയാളുടെ മകനും രോ​ഗം സ്ഥിരീകരിച്ചു. മഞ്ചേരി മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിലാണ് നിപ പോസിറ്റീവായത്. ആശുപത്രിയിൽ മരിച്ച വ്യക്തിയോടൊപ്പം ഉണ്ടായിരുന്നത് 32 കാരനായ മകനാണ്. രോഗ ലക്ഷണങ്ങളോടെ കഴിഞ്ഞദിവസം മരിച്ച കുമരംപുത്തൂർ സ്വദേശിയുടെ സമ്പർക്കപ്പട്ടികയിൽ 106 പേരാണ് ഉൾപ്പെട്ടിട്ടുള്ളത്. അതിൽ 31 പേർ ഹൈ റിസ്ക് വിഭാഗത്തിലും 75 പേർ ലോ റിസ്ക് വിഭാഗത്തിലുമാണ്.

പാലക്കാട് ഗവ. മെഡിക്കൽ കോളേജിൽ 5 പേരാണ് നിരീക്ഷണത്തിൽ ഉണ്ടായിരുന്നത്. പ്രദേശത്തു നിന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ടീം 160 വവ്വാലുകളുടെ സാംപിളുകൾ ശേഖരിക്കുകയും പരിശോധനയ്ക്കായി പുണെയിലേക്ക് അയക്കുകയും ചെയ്തിട്ടുണ്ട്. ചൊവ്വാഴ്ച സംഘം അഗളിയിലുള്ള കള്ളമല സന്ദർശിച്ചിരുന്നു.

ചൊവ്വാഴ്‌ച നിപ രോഗബാധപ്രദേശത്ത് മൃഗങ്ങളുടെ അസ്വാഭാവിക മരണമൊന്നും റിപ്പോർട്ടു ചെയ്‌തിട്ടില്ലെന്നും ഒരു വവ്വാലിൻ്റെ ജഡം സാംപിൾ പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ടെന്നും മൃഗസംരക്ഷണവകുപ്പ് അറിയിച്ചു. പ്രദേശത്ത് പരിശോധനയും കർശന നിരീക്ഷണവും തുടരുമെന്ന് പോലീസ് അറിയിച്ചു.

രോഗിയുടെ റൂട്ട്‌മാപ്പിൽ പരാമർശിക്കാത്ത കെഎസ്ആർടിസി യാത്രകളെപ്പറ്റി സാമൂഹികമാധ്യമങ്ങളിൽ വ്യാജവാർത്ത പ്രചരിപ്പിച്ച മാധ്യമങ്ങൾക്കെതിരായ പരാതി പോലീസിന് കൈമാറിയതായി ജില്ലാ ഭരണകൂടം അറിയിച്ചു. ജില്ലാ മാനസികാരോഗ്യവിഭാഗം ചൊവ്വാഴ്‌ച 63 പേർക്ക് ടെലിഫോണിലൂടെ കൗൺസലിങ് നൽകി. കൺട്രോൾ സെല്ലിലേക്ക് നിപ രോഗവ്യാപനവുമായി ബന്ധപ്പെട്ട് 28 കോളുകൾ ലഭിച്ചു.

Related Posts