കോഴിക്കോട് നിന്നു കാണാതായ യുവാവിനെ കണ്ടെത്തി. കാണാതായി 5 ദിവസങ്ങള്‍ക്കു ശേഷമാണ് കൊണ്ടോട്ടിയില്‍ നിന്ന് അന്നൂസ് റോഷനെ കണ്ടെത്തിയത്. തട്ടികൊണ്ടു പോയ സംഘം തന്നെ വേറെ ഒരു വാഹനത്തില്‍ ഇയാളെ മലപ്പുറത്തെത്തിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ ഒരാളെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതികള്‍ക്കു വേണ്ടി പോലിസ് ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു.
മറ്റു പ്രതികള്‍ പേലിസ് പിടികൂടുമെന്ന ഘട്ടമെത്തിയപ്പോള്‍ റോഷനെ റോഡില്‍ ഇറക്കിവിട്ട് കടന്നുകളയുകയായിരുന്നെന്നാണ് വിവരം. കിഴക്കോത്ത് പരപ്പാറ സ്വദേശി അന്നൂസ് റോഷൻ്റെ സഹോദരന് അജ്മല്‍ റോഷന് വിദേശത്ത് വച്ച് നടത്തിയ സാമ്പത്തിക ഇടപാടുകളാണ് അന്നൂസ് റോഷനെ തട്ടിക്കൊണ്ട് പോകുന്നതിന് പിന്നിലെന്നാണ് പോലിസിൻ്റെ കണ്ടെത്തല്‍. വാഹനത്തിലെത്തിയ സംഘം വീട്ടില്‍ നിന്നാണ് ഇയാളെ തട്ടിക്കൊണ്ടു പോയത്.
പലരില്‍ നിന്നായി അജ്മല്‍ റോഷന് പണം കൈപറ്റിയിട്ടുണ്ട്. ഈ തുക തിരികെ ചോദിച്ച് നേരത്തെ പലരും കുടുംബത്തെ ബന്ധപ്പെട്ടിരുന്നു. ഈ തര്‍ക്കം നിലനില്‍ക്കേയാണ് തട്ടിക്കൊണ്ട് പോകല്‍. നിലവില്‍ റോഷനെ കൊടുവള്ളി പോലിസ് സ്റ്റേഷനില്‍ എത്തിച്ചു. കേസ് സംബന്ധമായ മറ്റു നടപടിക്രമങ്ങള്‍ക്കു ശേഷമായിരിക്കും ഇയാളെ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുക. കേസില്‍ ഇതുവരെ 4 പേരെ പോലിസ് പിടികൂടി.