മൂന്നുവയസുകാരിയായ കുഞ്ഞിനെ അമ്മ എറിഞ്ഞുകൊന്ന സംഭവത്തിൽ നിർണായക വഴിത്തിരിവ്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കുട്ടി ലൈംഗികാതിക്രമണത്തിനിരയായതായി പറയുന്നു. കുട്ടിയുടെ അച്ഛൻ്റെ അടുത്ത ബന്ധുവിനെ സംഭവത്തിൽ പോലീസ് കസ്റ്റഡിയിൽ എടുത്തു. പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർമാർ കുട്ടിയുടെ ശരീരത്തിൽ ചില പാടുകൾ കണ്ടെത്തിയിരുന്നു. കുട്ടി പീഡിപ്പിക്കപ്പെട്ടെന്നാണ് ഡോക്ടർമാർ പോലീസിന് നൽകിയ വിവരം.
കുട്ടിയുടെ ബന്ധുക്കളെ ഇതിൻ്റെ അടിസ്ഥാനത്തിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. മൂന്നുപേരെ ഇന്ന് ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിരുന്നു. ഇതിൽ രണ്ടുപേരെ വിട്ടയച്ചിട്ടുണ്ട്. ഒരാൾ പോലീസ് കസ്റ്റഡിയിലാണ് എന്നാണ് വിവരം. വിഷയത്തിൽ അറസ്റ്റ് രേഖപ്പെടുത്തി എഫ്ഐആർ വിവരങ്ങൾ പുറത്തുവന്നാൽ മാത്രമേ കേസിൻ്റെ വിശദാംശങ്ങൾ വ്യക്തമാവുകയുള്ളു. കുട്ടിയുടെ പിതാവിൻ്റെ ബന്ധുക്കളിൽ ചിലർ സംശയനിഴലിലാണ് എന്ന് പോലീസ് വ്യക്തമാക്കിയിരുന്നു.
ഡോക്ടർമാർ പ്രാഥമിക പരിശോധനയിൽ കണ്ട സംശയങ്ങൾ ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി പങ്കുവെച്ചിരുന്നു. കുട്ടിയുടെ ശരീരത്തിൽ നടത്തിയ വിശദമായ പരിശോധനയിലാണ് സംശയകരമായ പാടുകളും മറ്റും ഇവർ കണ്ടെത്തിയത്. ഇക്കാര്യങ്ങൾ ഇവർ പോലീസുമായി പങ്കുവെച്ചത് ഇതിൻ്റെ അടിസ്ഥാനത്തിൽ എറണാകുളം റൂറൽ എസ്പി കുട്ടിയുടെ അടുത്ത ബന്ധുക്കളെ ചോദ്യം ചെയ്യാൻ നിർദ്ദേശിച്ചത്.
ഭർത്താവിൻ്റെ വീട്ടുകാരോടുള്ള പകയാണെന്നും അവരെ വിഷമിപ്പിക്കാൻ വേണ്ടിയാണ് താൻ ഇത്തരത്തിൽ ഒരു കൃത്യം നിർവഹിച്ചത് എന്നും അമ്മ ചോദ്യം ചെയ്യലിൽ പറഞ്ഞിരുന്നു. എന്നാൽ, സാഹചര്യത്തെളിവൊന്നും ഇല്ലാത്തതുകൊണ്ട് തന്നെ ഇത് പോലീസ് മുഖവിലക്കെടുത്തിരുന്നില്ല. ഇക്കാര്യത്തിൽ വിശദമായ അന്വേഷണം നടത്തേണ്ടതുണ്ട് എന്ന് പോലീസ് വ്യക്തമാക്കിയിരുന്നു.
അമ്മയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്താൽ മാത്രമേ ഇക്കാര്യത്തിൽ വ്യക്തത വരൂ എന്നായിരുന്നു പോലീസ് പറഞ്ഞത്. തലക്കേറ്റ ക്ഷതമാണ് മരണത്തിന് കാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. പാലത്തിൽ നിന്ന് എറിഞ്ഞപ്പോൾ തലക്ക് പരിക്കേറ്റ് കുട്ടി മരിച്ചതാകാമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ആന്തരികാവയവങ്ങളിൽ വെള്ളം കയറിയിരുന്നു. ഹൃദയാഘാതമുണ്ടായി എന്ന വിവരങ്ങളും റിപ്പോർട്ടിൽ പറയുന്നു. വിശദമായ പരിശോധനയിലാണ് കുട്ടി പീഡനത്തിനിരയായി എന്ന് വ്യക്തമാകുന്നത്.
കുട്ടിയെ ഭര്തൃവീട്ടുകാര്ക്കെല്ലാം വലിയ കാര്യമായിരുന്നുവെന്നാണ് അടുത്ത ബന്ധുക്കൾ പറയുന്നത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് മുൻനിർത്തിയാണ് കുട്ടിയുടെ അച്ഛൻ്റെ അടുത്ത ബന്ധുവിനെ ചോദ്യംചെയ്തതെന്ന് പോലീസ് പറഞ്ഞു. കുട്ടിയുടെ അമ്മയെ കൂടുതൽ തെളിവെടുപ്പിനും ചോദ്യം ചെയ്യലിനുമായി കസ്റ്റഡിയിൽ വാങ്ങിയശേഷമായിരിക്കും കൂടുതൽ നടപടി.