മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ പരാതിയുമായി ദളിത് യുവതി. പോലീസ് ക്രൂരതയ്ക്കിരയായ പനവൂർ ഇരുമരം സ്വദേശിനി ബിന്ദുവാണ് പരാതി ഉന്നയിച്ചത്. പോലീസ് കള്ളക്കേസിൽ പ്രതിയാക്കിയതിനെതിരെ മുഖ്യമന്ത്രിയുടെ ഓഫീസിൽ പരാതി നൽകാൻ പോയപ്പോൾ കടുത്ത അവഗണന നേരിട്ടെന്ന് ബിന്ദു ആരോപിച്ചു. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശി പരാതി മേശപ്പുറത്തേക്കിട്ടു.
പരാതി വായിച്ചുനോക്കാൻ പോലും തയാറായില്ലെന്ന് യുവതി പറഞ്ഞു. പരാതിയുണ്ടെങ്കിൽ കോടതിയിൽ പോകാനാണ് പറഞ്ഞത്. അഭിഭാഷകനൊപ്പം പോയപ്പോഴാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് അവഗണന നേരിട്ടതെന്നും അവർ കൂട്ടിച്ചേർത്തു. മോഷണക്കുറ്റം ആരോപിച്ച് പോലീസ് സ്റ്റേഷനിലെത്തിച്ച ബിന്ദുവിനെ 20 മണിക്കൂറോളം പോലീസ് മാനസികമായി പീഡിപ്പിച്ചെന്ന് നേരത്തേ പരാതി ഉയർന്നിരുന്നു.
കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരം 3 ന് പേരൂർക്കട പോലീസ് ചോദ്യം ചെയ്യാനായി വിളിപ്പിച്ച ബിന്ദുവിനെ വിട്ടയച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് 12 നാണെന്നാണ് പരാതി. യുവതി ജോലിക്കുനിന്ന വീട്ടിൽ നിന്നു മാല മോഷണം പോയെന്ന പരാതിയിലാണ് ബിന്ദുവിനെ സ്റ്റേഷനിൽ വിളിച്ചു വരുത്തിയത്. പോലീസിനോടു നിരപരാധിയാണെന്നു കരഞ്ഞു പറഞ്ഞിട്ടും വിട്ടയച്ചില്ല.