ഐവിൻ ജിജോയെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ റിമാൻഡിലായ സിഐഎസ്എഫ് ഉദ്യോഗസ്ഥരെ കൂടുതൽ അന്വേഷണങ്ങൾക്കായി നെടുമ്പാശ്ശേരി പോലീസ് കസ്റ്റഡിയിൽ വാങ്ങും. തുറവൂർ സ്വദേശിയായ ഐവിൻ ജിജോയെ കൊച്ചി വിമാനത്താവളത്തിൽ ജോലി ചെയ്യുന്ന ബിഹാർ സ്വദേശികളായ സബ് ഇൻസ്പെക്ടർ വിനയകുമാർ ദാസ് (38), കോൺസ്റ്റബിൾ മോഹൻകുമാർ (31) എന്നിവരാണ് കാറിടിപ്പിച്ച് കൊലപ്പെടുത്തിയത്.

കസ്റ്റഡിയിൽ കിട്ടാൻ അടുത്ത ദിവസം തന്നെ പോലീസ് അങ്കമാലി കോടതിയിൽ അപേക്ഷ നൽകും. നാട്ടുകാരുടെ പ്രതിഷേധം കണക്കിലെടുത്ത് പ്രതികളെ സംഭവസ്ഥലത്ത് കൊണ്ടുപോയി തെളിവെടുപ്പ് നടത്തിയിരുന്നില്ല. കസ്റ്റഡിയിൽ വാങ്ങിയശേഷം ഇവരെ കൊണ്ടുപോയി തെളിവെടുക്കും. സിഐഎസ്എഫുകാരെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടേക്കും.

ഐവിൻ കാർ ഉരസിയതിനെ തുടർന്ന് തർക്കമുണ്ടായ ഇടം മുതൽ കാറിൻ്റെ ബോണറ്റിൽ നിന്നും താഴെ വീണു കിടന്നിരുന്ന ഇടം വരെയുള്ള ഭാഗത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്. നാട്ടുകാർ വിനയകുമാർ ദാസിനെ സംഭവസ്ഥലത്ത് തടഞ്ഞപ്പോൾ കാറിലുണ്ടായിരുന്ന മോഹൻകുമാർ അവിടെ നിന്നും എങ്ങനെ രക്ഷപ്പെട്ടു എന്നത് സംബന്ധിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്.

സംഭവസ്ഥലത്തു നിന്ന് മോഹൻകുമാർ ഓടി രക്ഷപ്പെട്ടു എന്നാണ് പറയുന്നത്. സിഐഎസ്എഫിലെ ഏതെങ്കിലും ഉദ്യോഗസ്ഥനെത്തി ഇയാളെ രക്ഷപ്പെടുത്തിയതാണോയെന്നും അന്വേഷിക്കുന്നുണ്ട്.

Related Posts