കുറുപ്പംപടിയിൽ പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചു. കേസിൽ രണ്ട് കുറ്റപത്രങ്ങളാണ് പെരുമ്പാവൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ചിട്ടുള്ളത്. പെരുമ്പാവൂർ എഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കുറ്റപത്രം സമർപ്പിച്ചത്. 2 വർഷത്തോളം അമ്മയുടെ ആൺസുഹൃത്ത് ധനേഷ് കുട്ടികളെ പീഡനത്തി നിരയാക്കിയെന്ന് കുറ്റപത്രത്തിൽ പറയുന്നു. ആൺസുഹൃത്തും അമ്മയും ചേർന്ന് കുട്ടികൾക്ക് മദ്യം നൽകിയിരുന്നെന്നും കുറ്റപത്രത്തിലുണ്ട്.
പന്ത്രണ്ടും പത്തും വയസുള്ള രണ്ട് പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ കുട്ടികളുടെ രഹസ്യ മൊഴിയും ക്ലാസ് ടീച്ചർ അടക്കമുള്ളവരുടെ മൊഴികളുമാണ് നിർണായകമായത് കേസിൽ ശാസ്ത്രീയ തെളിവുകളും ലഭിച്ചിട്ടുണ്ട്. അമ്മയ്ക്കെതിരെ പീഡന വിവരം മറച്ചു വച്ചതിന് മറ്റൊരു കേസ് രജിസ്റ്റർ ചെയ്തിരുന്നു. അമ്മയ്ക്ക് 3 മാസമായി പീഡനത്തെ കുറിച്ച് അറിയാമായിരുന്നുവെന്ന് ധനേഷും മൊഴി നൽകി. സഹപാഠികൾക്ക് കുട്ടികൾ എഴുതിയ കത്തിലൂടെയാണ് പീഡന വിവരം പുറത്തുവന്നത്. ധനേഷ് കുട്ടികളുടെ അമ്മയുമായി ഉണ്ടായിരുന്ന സൗഹൃദം മുതലെടുത്താണ് കുട്ടികളെ പീഡനത്തിന് ഇരയാക്കിയത്.
പീഡന വിവരം പുറത്തറിയാൻ കാരണമായത് പെൺകുട്ടികളുടെ സുഹൃത്തുക്കളെയും ദുരുപയോഗം ചെയ്യാനുള്ള പ്രതിയുടെ ശ്രമമാണ്. 3 വർഷം മുമ്പ് പെൺകുട്ടികളുടെ പിതാവ് മരിച്ചിരുന്നു. നിലവിൽ പെൺകുട്ടികളെ ശിശുക്ഷേമ സമിതിയുടെ ഷെൽട്ടർ ഹോമിലേക്ക് മാറ്റി.