പാകിസ്ഥാനെ പിന്തുണച്ചതിൽ പ്രതിഷേധിച്ച് തുർക്കിക്കും അസർബൈജാനും പൂർണനിരോധനം പ്രഖ്യാപിച്ച് ഇന്ത്യൻ വ്യാപാരികൾ. ഇരുരാജ്യങ്ങളെയും പൂർണമായി ബഹിഷ്ക്കരിക്കുമെന്നാണ് ആഹ്വാനം ഡൽഹിയിൽ ഇന്നലെ ചേർന്ന ഇന്ത്യൻ വ്യാപാരികളുടെ യോഗത്തിലാണ് നീക്കം. ഇരുരാജ്യങ്ങളുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിക്കുമെന്നാണ് തീരുമാനം.
പാകിസ്ഥാനെ അസർബൈജാനും തുർക്കിയും പരസ്യമായി പിന്തുണച്ചുവെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള ഇറക്കുമതികളും കയറ്റുമതിയുമെല്ലാം ഉടൻ അവസാനിപ്പിക്കുകയാണെന്നും ബി.ജെ.പി എം.പിയും കോൺഫഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സ് സെക്രട്ടറി ജനറലുമായ പ്രവീൺ ഖണ്ഡേൽവാൾ പറഞ്ഞു. ഇനി ഇറക്കുമതിയോ കയറ്റുമതിയോ ഇരുരാജ്യങ്ങളിലേക്കും നടക്കില്ലെന്നും തുർക്കിയിലും അസർബൈജാനിലും പരസ്യങ്ങളോ സിനിമകളോ ചിത്രീകരിക്കരുതെന്നും ഇന്ത്യൻ കമ്പനികളോട് ആവശ്യപ്പെട്ടതായും റിപ്പോർട്ടുണ്ട്.
തുർക്കിയിൽ നിന്നുള്ള ആപ്പിൾ, പച്ചക്കറി മൊത്തവ്യാപാര വിപണിയായ ദൽഹിയിലെ ആസാദ്പൂർ മണ്ടി, തുടങ്ങിയവയുടെ ഇറക്കുമതി നിർത്തിയതായി നേരത്തെ പ്രഖ്യാപിച്ചിരുന്നു. എല്ലാ സംസ്ഥാനങ്ങളിലുമുള്ളവർ തുർക്കി ഉത്പന്നങ്ങൾ ബഹിഷ്ക്കരിക്കണമെന്നാവശ്യപ്പെട്ടും പ്രതിഷേധം നടന്നിരുന്നു.