സംസ്ഥാനത്തെ സ്കൂളുകൾ മധ്യവേനൽ അവധി കഴിഞ്ഞ് ജൂൺ രണ്ടിന് തുറക്കും. ആലപ്പുഴയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രവേശനനോത്സവത്തിൻ്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുമെന്നും മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. സ്കൂൾ വിദ്യാഭ്യാസ മേഖലയിയിൽ ഘടനാപരമായ സമഗ്ര മാറ്റം നിർദേശിക്കുന്ന ഖാദർ കമ്മിറ്റി റിപ്പോർട്ടിൻ്റെ രണ്ടാംഭാഗം നടപ്പാക്കാനുള്ള നടപടികൾ സ്വീകരിച്ചു വരികയാണ്.
ഖാദർ കമ്മിറ്റി റിപ്പോർട്ടിൻ്റെ ഒന്നാം ഭാഗത്തിലെ പ്രധാന ശിപാർശയായ സ്പെഷൽ റൂൾ പരിഷ്ക്കരണം പൂർത്തിയാക്കി. ഇത് നടപ്പാകുന്നതോടെ ഒരു തസ്തിക പോലും നഷ്ടപ്പെടില്ല. സ്ഥാനക്കയറ്റ സാധ്യത ഉയരും. നിരവധി ഘട്ടങ്ങളിലൂടെയാണ് സ്പെഷ്യൽ റൂൾ തയ്യാറാക്കൽ നടന്നത്. ഇനി ശേഷിക്കുന്നത് ധനവകുപ്പിൻ്റെ അനുമതിയും നിയമസഭയുടെ വിദ്യാഭ്യാസ സബ്ജക്ട് കമ്മിറ്റിയുടെ അംഗീകാരവുമാണ്. അതുകൂടി ലഭിച്ചാൽ സ്പെഷ്യൽ റൂൾ നിയമമായി മാറും. പുതിയ അധ്യയന വർഷം തന്നെ ഇതുസംബന്ധിച്ച് പുനഃസംഘടന നടത്താനാകുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.