ജനപ്രിയ നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസൻ്റെ സംസ്കാര ചടങ്ങുകൾ രാവിലെ 10 മണിക്ക് തൃപ്പൂണിത്തുറ കണ്ടനാട്ടെ സ്വവസതിയിൽ നടക്കും. തങ്ങളുടെ പ്രിയപ്പെട്ട കലാകാരന് അവസാനമായി അന്ത്യാഞ്ജലി അർപ്പിക്കാൻ സമൂഹത്തിൻ്റെ വിവിധ തുറകളിൽ നിന്നുള്ള ആയിരങ്ങളാണ് കണ്ടനാട്ടെ വീട്ടിലേക്ക് ഒഴുകിയെത്തുന്നത്. അസുഖബാധിതനായി വിശ്രമത്തിലായിരുന്ന ശ്രീനിവാസനെ ഇന്നലെ രാവിലെ ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇന്നലെ തൃപ്പൂണിത്തുറ ടൗൺഹാളിലും തുടർന്ന് കണ്ടനാട്ടെ വീട്ടിലും നടന്ന പൊതുദർശനത്തിൽ രാഷ്ട്രീയ – സാംസ്കാരിക – സിനിമ മേഖലകളിലെ പ്രമുഖർ അന്ത്യോപചാരമർപ്പിച്ചു. മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ വികാരാധീനമായ രംഗങ്ങൾക്കാണ് തൃപ്പൂണിത്തുറ സാക്ഷ്യം വഹിച്ചത്.