മാന്യമായി വസ്ത്രം ധരിച്ച്‌ ഓഫീസുകളിൽ വരണമെന്ന് കർണാടക സർക്കാർ ജീവനക്കാർക്ക് കർശന നിർദേശം നൽകി. നിർദ്ദേശം അവഗണിച്ചാൽ അത് ഗൗരവമായി കാണുമെന്ന് പേഴ്‌സണൽ അഡ്‌മിനിസ്ട്രേഷൻ ആൻഡ് റിഫോംസ് വകുപ്പ് സർക്കുലറിൽ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസ്, വിവിധ വകുപ്പുകളുടെ മേധാവികൾ, ഡെപ്യൂട്ടി കമ്മിഷണർമാർ, അഡീഷണൽ ചീഫ് സെക്രട്ടറിമാർ, പ്രിൻസിപ്പൽ സെക്രട്ടറിമാർ, സെക്രട്ടറിമാർ, ജില്ലാപഞ്ചായത്തുകളുടെ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർമാർ തുടങ്ങിയവർക്കാണ് സർക്കുലർ അയച്ചിരിക്കുന്നത്.

ചില ജീവനക്കാർ സർക്കാരിന് അവമതിപ്പുണ്ടാക്കുന്ന രീതിയിൽ വസ്ത്രം ധരിച്ചെത്തുന്നത് ശ്രദ്ധയില്പെട്ടിട്ടുണ്ടെന്നും കോളേജ് വിദ്യാർഥികളുടേതുപോലെ കീറിയ ജീൻസും കൈയില്ലാത്തതും ഇറുകിയതുമായ ഉടുപ്പുകളും മറ്റും ധരിച്ചെത്തുന്നതിൽ ചിലർ പരാതിയറിയിച്ചതായും പറയുന്നു.

കർണാടക സ്റ്റേറ്റ് ഗവൺമെന്റ് എംപ്ലോയീസ് അസോസിയേഷൻ പ്രസിഡണ്ട് സി.എസ്.ഷഡക്ഷരി ഈ നീക്കത്തെ സ്വാഗതം ചെയ്തു. “ഒരാളുടെ വസ്ത്രധാരണം മറ്റുള്ളവരെ ബുദ്ധിമുട്ടിക്കുന്നതാകരുത്. സർക്കാർ ഓഫീസുകളിൽ മാന്യത പാലിക്കണം,” അദ്ദേഹം പറഞ്ഞു.

Related Posts