കർണാടകയിലെ കലബുറഗി സെൻട്രൽ ജയിലിൽ നിന്ന് മൂന്ന് കൊലക്കേസ് പ്രതികൾ സാഹസികമായി രക്ഷപ്പെട്ടു. ബീദർ സ്വദേശികളായ മസ്താൻ, സന്തോഷ്, സാഗർ എന്നിവരാണ് ജയിലിലെ ശുചിമുറിയുടെ വെന്റിലേറ്ററിലെ ഗ്രിൽ തകർത്ത് പുറത്തുകടന്നത്. തുടർന്ന് നിർമാണപ്രവർത്തനങ്ങൾക്കായി സ്ഥാപിച്ചിരുന്ന താൽക്കാലിക ഗോവണി ഉപയോഗിച്ച് ജയിലിൻ്റെ മതിൽ ചാടിക്കടന്നാണ് പ്രതികൾ രക്ഷപ്പെട്ടത്. പ്രതികളെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചതായി സിറ്റി പൊലീസ് കമ്മിഷണർ എസ്.ഡി.ശരണപ്പ അറിയിച്ചു. സംഭവത്തിൽ വീഴ്ച വരുത്തിയ ജയിൽ ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടിയും സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
രക്ഷപ്പെട്ടവരിൽ രണ്ടുപേർ കൊലക്കേസിൽ ജീവപര്യന്തം തടവ് അനുഭവിക്കുന്നവരും ഒരാൾ പോക്സോ കേസിൽ 20 വർഷത്തെ തടവുശിക്ഷ അനുഭവിക്കുന്നവനുമാണ്. കഴിഞ്ഞ ദിവസം പുലർച്ചെയായിരുന്നു സംഭവം.