ബെംഗളൂരുവിലെ മെട്രോ യെല്ലോ ലൈനിൽ സർവീസ് നടത്താൻ അഞ്ചാമത്തെ വണ്ടി ഉടൻ എത്തും. പശ്ചിമബംഗാളിലെ തിടഗാർ റെയിൽ സിസ്റ്റംസ് ലിമിറ്റഡ് ആണ് പുതിയ മെട്രോ കോച്ചുകൾ ബിഎംആർസിഎല്ലിന് കൈമാറുന്നത്. ഏതാനും ദിവസങ്ങൾക്കുള്ളിൽ പുതിയ വണ്ടി എത്തുമെന്ന് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് ഉദ്യോഗസ്ഥർ പറഞ്ഞു. പരീക്ഷണ ഓട്ടം പൂർത്തിയാക്കിയശേഷമായിരിക്കും സർവീസിന് എത്തിക്കുക. അടുത്തമാസം പുതിയ തീവണ്ടി സർവീസ് തുടങ്ങുമെന്നും പറഞ്ഞു. ഇതോടെ ഈ റൂട്ടിൽ മെട്രോ തീവണ്ടി സർവീസുകളുടെ ഇടവേള 15 മിനിറ്റായി ചുരുങ്ങും.
രാത്രി സമയങ്ങളിൽ രണ്ടാഴ്‌ചത്തെ പരീക്ഷണ ഓട്ടം നടത്തും. ബെംഗളൂരുവിൽ ഐടി സ്ഥാപനങ്ങൾ ഏറെയുള്ള ഇലക്ട്രോണിക് സിറ്റി മേഖലയിലേക്ക് നിർമ്മിച്ച യെല്ലോ പാത ബെംഗളൂരുവിലെ മൂന്നാമത്തെ മെട്രോ റൂട്ടാണ്. ആർവി റോഡിൽനിന്ന് ബൊമ്മസാന്ദ്രയിലേക്ക് 19.15 കിലോ മീറ്റർ ദൈർഘ്യമുള്ള പാതയാണിത്. കഴിഞ്ഞ മാസം 11-നാണ് പുതിയപാത സർവീസിനായി തുറന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പാതയുടെ ഉദ്ഘാടനം നിർവഹിച്ചത്.