ഹെബ്ബാൾ–സിൽക്ക്ബോർഡ് തുരങ്കപാത പദ്ധതിക്കെതിരെ ബെംഗളൂരു സൗത്ത് എംപി തേജസ്വി സൂര്യ കർണാടക ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി സമർപ്പിച്ചു. ഹർജി ജൂലൈ 6ന് കോടതി പരിഗണിക്കും. 17 കിലോമീറ്റർ ദൈർഘ്യമുള്ള തുരങ്കപാത പദ്ധതിക്കായുള്ള ടെൻഡർ നടപടികളുമായി സർക്കാർ മുന്നോട്ടുപോകുന്നതിനിടെയാണ് എംപി കോടതിയെ സമീപിച്ചിരിക്കുന്നത്. പദ്ധതിക്ക് ശാസ്ത്രീയമായ അടിസ്ഥാനമില്ലെന്നും ഇത് ബെംഗളൂരുവിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിന് പകരം കൂടുതൽ രൂക്ഷമാക്കുമെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

പദ്ധതിയുടെ ചെലവും രൂപകൽപ്പനയും സുതാര്യമല്ലെന്നും പൊതുജന താൽപര്യത്തേക്കാൾ അഴിമതിക്കാണ് പദ്ധതി വഴിയൊരുക്കുന്നതെന്നുമാണ് ഹർജിയിലെ പ്രധാന ആരോപണം. പദ്ധതിയെക്കുറിച്ച് വിദഗ്ധ പഠനവും സമഗ്രമായ പൊതുചർച്ചയും നടത്താതെയാണ് സർക്കാർ നടപടികൾ വേഗത്തിലാക്കുന്നതെന്നും ഹർജിയിൽ പറയുന്നു.

അതേസമയം, തുരങ്കപാത പദ്ധതിക്കെതിരായ പ്രതിഷേധം കൂടുതൽ ശക്തമാക്കാനാണ് ബിജെപി ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം. ടെൻഡർ നടപടികൾ താൽക്കാലികമായി നിർത്തിവെച്ച് പദ്ധതിയെ പുനഃപരിശോധിക്കണമെന്ന ആവശ്യവും അവർ ഉയർത്തുന്നുണ്ട്.

സർക്കാർ വശത്ത് നിന്ന് പദ്ധതി ബെംഗളൂരുവിലെ ഗതാഗത സമ്മർദം കുറയ്ക്കാൻ സഹായിക്കുമെന്ന നിലപാടാണ് തുടരുന്നത്. ഹൈക്കോടതിയുടെ പരിഗണനയ്ക്ക് ശേഷമുള്ള നടപടികളിലേക്കാണ് ഇനി എല്ലാവരുടെയും ശ്രദ്ധ.

Related Posts